കോട്ടയം: ദേശീയപാതയോരത്തെ പുല്ല് ഉടൻ നീക്കണമെന്ന് കളക്ടർ | Keraladesham

November 4, 2026
web-logo
കേരളം

കോട്ടയം: ദേശീയപാതയോരത്തെ പുല്ല് ഉടൻ നീക്കണമെന്ന് കളക്ടർ; 14 ഹോട്ടലുകൾക്ക് പിഴ

2 minutes read
Nov 4, 2026
news-image-1
Font Size:
18 px
Share :

ദേശീയപാതയോരത്ത് വളർന്നുനിൽക്കുന്ന പുല്ല് നീക്കുന്ന ജോലികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ ദേശീയപാത അധികൃതർക്ക് നിർദേശം നൽകി. ജില്ലാ വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല തീർത്ഥാടന കാലത്തിനു മുന്നോടിയായി പുല്ല് പൂർണമായി നീക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മണർകാട്, കോട്ടയം മേഖലകളിൽ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളതെന്നും ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. പാതയുടെ അരിക് ഉയർന്നുനിൽക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും പരിഹാരം വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ചിങ്ങവനം ഭാഗത്ത് ഡിവൈഡറിന്റെ അറ്റകുറ്റപ്പണി നടത്തിയിട്ടും അപകടങ്ങൾ തുടരുന്നതിനാൽ വിശദ പഠനം നടത്തും. ശബരിമല സീസണിനു മുമ്പ് റോഡുകളിൽ മതിയായ അറിയിപ്പു ബോർഡുകൾ സ്ഥാപിക്കാൻ ക്രമീകരണമായതായും അധികൃതർ പറഞ്ഞു.

എം.സി. റോഡിൽ ചിങ്ങവനം മുതൽ കോട്ടയം വരെ തെരുവുവിളക്കുകൾ സ്ഥാപിക്കാൻ 25 ലക്ഷം രൂപ വകയിരുത്തിയതായി കോട്ടയം നഗരസഭ അറിയിച്ചു. ഇതിനായി ദേശീയപാത വിഭാഗത്തിന്റെ എൻ.ഒ.സി. ലഭിക്കാൻ കത്ത് നൽകും. നാട്ടകം ഗസ്റ്റ് ഹൗസ് നവീകരണത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചെന്നും അടുത്ത വർഷം മാർച്ചോടെ പണി പൂർത്തിയാക്കുമെന്നും പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി.

കൊടൂരാർ നടപ്പാതയും ഹോട്ടൽ പരിശോധനയും

കൊടൂരാറിന്റെ തീരത്തെ നടപ്പാത കൈയേറ്റവും അനധികൃത ഭക്ഷണശാലയും മൂലം ശോച്യാവസ്ഥയിലാണെന്ന പരാതിയിൽ നടപടിയെടുക്കാൻ കോട്ടയം നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെ പഴയ ബോട്ടിൽ ഹോട്ടൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്ത് നടപ്പാത കൈയേറിയിരിക്കുകയാണെന്നുമാണ് പരാതി.

നഗരത്തിലെ ഹോട്ടലുകളിൽ പഴകിയ ഭക്ഷണം വിളമ്പുന്നുവെന്ന പരാതിയെത്തുടർന്ന് 36 ഹോട്ടലുകളിൽ പരിശോധന നടത്തിയതായും പഴകിയ ഭക്ഷണം കണ്ടെത്തിയ 14 ഹോട്ടലുകളിൽനിന്ന് പിഴ ഈടാക്കിയതായും നഗരസഭ അറിയിച്ചു. ജില്ലയിലെ പലയിടങ്ങളിലും അടഞ്ഞുകിടക്കുന്ന ഷീ ടോയ്‌ലറ്റുകൾ തുറന്നുപ്രവർത്തിപ്പിക്കാൻ അടിയന്തര നടപടി വേണമെന്നും നാഗമ്പടം ബസ് സ്റ്റാൻഡിലെ മുലയൂട്ടൽ കേന്ദ്രത്തിൽ ജലലഭ്യത ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കി പ്രവർത്തനക്ഷമമാക്കണമെന്നും കളക്ടർ നിർദേശിച്ചു.

ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത്, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതിനിധി മോഹൻ കെ. നായർ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്ജി പാലയ്ക്കലോടി, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags