കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഭരണഭാഷാ വാരാഘോഷത്തിന് കളക്ടറേറ്റിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ചേതൻകുമാർ മീണ അധ്യക്ഷത വഹിച്ചു.
ഭരണഭാഷ ജനങ്ങളുടെ ഭാഷയായി മാറുമ്പോഴാണ് ഭരണസംവിധാനവും ജനങ്ങളും തമ്മിലുള്ള അകലം കുറയുന്നതെന്ന് ജോഷി ഫിലിപ്പ് പറഞ്ഞു. സാധാരണക്കാർക്ക് ഭരണസംവിധാനത്തെ അടുത്തറിയാനും അതിൽ പങ്കാളികളാകാനുമുള്ള വഴി കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏതു ഭാഷയെയും ഉൾക്കൊള്ളാൻ ശേഷിയുള്ള ഭാഷയാണ് മലയാളമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എഴുത്തുകാരൻ കെ.ബി. പ്രസന്നകുമാർ അഭിപ്രായപ്പെട്ടു.
ഔദ്യോഗിക രേഖകളിലെ ഭാഷയ്ക്കു പുറമേ, സർക്കാർ ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് സംസാരിക്കുന്ന ഭാഷയും അവരോട് ചേർന്നുനിൽക്കുന്നതാകണമെന്ന് കളക്ടർ ചേതൻകുമാർ മീണ നിർദേശിച്ചു.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മേഖലാ ഡെപ്യൂട്ടി ഡയറക്ടർ സി. മണിലാൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു എന്നിവർ സംസാരിച്ചു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala