കാസർകോട് കായകല്‍പം ജനസമ്പര്‍ക്ക പരിപാടി നവംബര്‍ 10ന് | Keraladesham

November 4, 2026
web-logo
കേരളം

കാസർകോട് കായകല്‍പം ജനസമ്പര്‍ക്ക പരിപാടി നവംബര്‍ 10ന്; ആരോഗ്യ മന്ത്രി പരാതികള്‍ കേള്‍ക്കും

2 minutes read
Nov 4, 2026
news-image-1
Font Size:
18 px
Share :

ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തില്‍ നവംബര്‍ 10ന് കാസര്‍കോട് ജില്ലയില്‍ നടക്കുന്ന കായകല്‍പം പൊതുജന സമ്പര്‍ക്ക പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. കല്ലട്ര മാഹിന്‍ എം.എല്‍.എ രക്ഷാധികാരിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ചെയര്‍പേഴ്സണുമാണ്.

കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളകുഞ്ഞി ചെര്‍ക്കള എന്നിവര്‍ വൈസ് ചെയര്‍പേഴ്സണ്‍മാരും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി രേഖ കണ്‍വീനറുമാണ്. എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ് പി ബാല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുഷ്) ഡോ. ഇന്ദു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. രേഷ്മ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ധന്യ ദയാനന്ദ്, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. കെ. സന്തോഷ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരാണ്.

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം അബ്ദുള്ള കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയില്‍ ജില്ല നേരിടുന്ന അപര്യാപ്തതകള്‍ക്ക് പരിഹാരം കാണാനുള്ള അവസരമായി മന്ത്രിയുടെ സന്ദര്‍ശനം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. കെ.ടി രേഖ സമിതി അംഗങ്ങളുടെ പാനല്‍ അവതരിപ്പിച്ചു. വസന്തന്‍ അജക്കോട്, കെ.എം ഹനീഫ്, മെഹറുന്നിസ ഹമീദ്, ശാന്തകുമാരി, ഡോ. ധന്യ ദയാനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയുടെ വിജയത്തിന് വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ യോഗം തീരുമാനിച്ചു.

പരാതി നല്‍കാന്‍ മണ്ഡലം തിരിച്ച് കൗണ്ടറുകള്‍

പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതികള്‍ നല്‍കാം. കണ്‍വെന്‍ഷന്‍ ഹാളിന് പുറത്ത് ഒരു റിസപ്ഷന്‍ കൗണ്ടറും ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ക്കും പ്രത്യേകം കൗണ്ടറുകളും പ്രവര്‍ത്തിക്കും. അടിസ്ഥാന സൗകര്യം, ജീവനക്കാരുടെ വിഷയം, എന്‍ഡോസള്‍ഫാന്‍, മറ്റ് പരാതികള്‍ എന്നിങ്ങനെ വിവിധ സെക്ഷനുകളിലായി സ്വീകരിക്കുന്ന പരാതികള്‍ തല്‍സമയം ഇ-ഓഫീസ് സംവിധാനത്തില്‍ അപ്‌ലോഡ് ചെയ്യും.

നവംബര്‍ 10 ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചെട്ടുംകുഴി റോയല്‍ കണ്‍വെന്‍ഷന്‍ ഹാളിലാണ് പരിപാടി. കല്ലട്ര മാഹിന്‍ എം.എല്‍.എ അധ്യക്ഷനാകും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാകും. എം.എല്‍.എമാരായ എ.കെ.എം അഷ്‌റഫ്, കെ. നീലകണ്ഠന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ പങ്കെടുക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മ്മിള മേരി ജോസഫ് പദ്ധതി വിശദീകരിക്കും. ജില്ലാ കളക്ടര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍ തുടങ്ങിയവരും സംബന്ധിക്കും.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags