ഇരുപത്തിയേഴാമത് സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവം നടക്കുന്ന തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ് വി ആൻഡ് എച്ച് എസ് എസ് ഫോർ ഗേൾസിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ സന്ദർശനം നടത്തി. മത്സരങ്ങൾ കണ്ടും കുട്ടികളോട് സംസാരിച്ചും ഒരുക്കങ്ങൾ വിലയിരുത്തിയുമായിരുന്നു മന്ത്രിയുടെ സന്ദർശനം.
നവംബർ അഞ്ചിന് തുടങ്ങിയ കലോത്സവത്തിന്റെ രണ്ടും മൂന്നും ദിനങ്ങളിലായി ശ്രവണ-സംസാര പരിമിതിയുള്ള ആയിരത്തോളം കുട്ടികളാണ് മത്സരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ആദ്യദിനം മാനസിക വെല്ലുവിളി നേരിടുന്ന അഞ്ഞൂറോളം കുട്ടികളുടെ മത്സരങ്ങൾ നടന്നു. സ്വാഗതസംഘത്തിനു കീഴിലെ 15 സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കലോത്സവം മികച്ച രീതിയിൽ മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.
പ്രധാന വേദിയിൽ ജൂനിയർ വിഭാഗം ഒപ്പന മന്ത്രി ആസ്വദിച്ചു. മറ്റു വേദികളിലെ മാപ്പിളപ്പാട്ട്, കവിതാപാരായണം, ഉപകരണസംഗീതം എന്നിവയും അദ്ദേഹം കണ്ടു. ഊട്ടുപുരയിലെ ക്രമീകരണങ്ങൾ പരിശോധിച്ച മന്ത്രി പാൽപ്പായസവും രുചിച്ചുനോക്കി.
മത്സരാർഥികൾക്ക് ആശംസ നേർന്നും അവരോട് കുശലം പറഞ്ഞും കുട്ടികൾക്കും മാതാപിതാക്കൾക്കുമൊപ്പം ചിത്രമെടുത്തുമാണ് മന്ത്രി മടങ്ങിയത്. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചു. മൂന്നു ദിവസത്തെ കലോത്സവം നവംബർ ഏഴിന് സമാപിക്കും.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala