റാണിപുരം ടൂറിസ്റ്റ് കോംപ്ലക്‌സ് നവീകരണം: ഉദ്ഘാടനം നവംബര്‍ 10ന് | Keraladesham

November 10, 2026
web-logo
കേരളം

റാണിപുരം ടൂറിസ്റ്റ് കോംപ്ലക്‌സ് നവീകരണം: ഉദ്ഘാടനം നവംബര്‍ 10ന് മന്ത്രി പി.സി. വിഷ്ണുനാഥ് നിര്‍വഹിക്കും

1 minute read
Nov 9, 2026
news-image-1
Font Size:
18 px
Share :

കാസര്‍കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ റാണിപുരം ടൂറിസ്റ്റ് കോംപ്ലക്‌സില്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ നവീകരണ, സൗന്ദര്യവല്‍ക്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം നവംബര്‍ 10ന് ഉച്ചയ്ക്ക് രണ്ടിന് ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിര്‍വഹിക്കും. ചടങ്ങിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.

റാണിപുരം ടൂറിസ്റ്റ് കോംപ്ലക്‌സില്‍ ചേര്‍ന്ന രൂപീകരണ യോഗം പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ. ജെയിംസ് അധ്യക്ഷനായി. സംസ്ഥാന ടൂറിസം വകുപ്പ്, കാസര്‍കോട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി), പനത്തടി ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സംഘാടക സമിതി

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ.കെ.എം. അഷറഫ്, കല്ലട മാഹിന്‍ ഹാജി, കെ. നീലകണ്ഠന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സന്ദീപ് വാര്യര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ്, ജില്ലാ പോലീസ് ഓഫീസര്‍ പി. നിധിന്‍രാജ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവരാണ് രക്ഷാധികാരികള്‍. പി. രഘുനാഥന്‍ ചെയര്‍മാനും എം.എ. നസീബ് ജനറല്‍ കണ്‍വീനറുമാണ്. കെ.ജെ. ജെയിംസ്, എം. പത്മകുമാരി എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരാണ്.

ചടങ്ങിന്റെ മുന്നൊരുക്കങ്ങള്‍, വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും ഏകോപനം, മറ്റ് ക്രമീകരണങ്ങള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്തു. പരിസ്ഥിതി സൗഹാര്‍ദ വികസന പ്രവര്‍ത്തനങ്ങളിലൂടെ റാണിപുരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ വിപുലീകരിക്കണമെന്നും യോഗം വിലയിരുത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പത്മകുമാരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുപ്രിയ അജിത്, കെ.ബി. രതീഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിദ്യ, ഭരണസമിതി അംഗങ്ങള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാര്‍ സ്വാഗതവും ടൂറിസം വകുപ്പ് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അഞ്ജു മോഹനന്‍ നന്ദിയും പറഞ്ഞു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags