സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ഭിന്നശേഷി, ട്രാൻസ്‌ജെൻഡർ, പ്രൊബേഷൻ സേവന മേഖലകളിൽ പുതിയ നയം ഉടൻ രൂപീകരിക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ അറിയിച്ചു. നയരൂപീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ലെമൺ ട്രീ പ്രീമിയറിൽ സംഘടിപ്പിച്ച ‘ദർശനം 2026’ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ മുന്തിയ പരിഗണന നൽകുന്ന ഈ വിഭാഗങ്ങൾക്കുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പാകുന്നുവെന്ന് ഉറപ്പാക്കാനും അർഹരായ എല്ലാ ഗുണഭോക്താക്കളിലേക്കും പൂർണതോതിൽ എത്തിക്കാനും സംവിധാനമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള പദ്ധതികൾ കാലോചിതമായി പരിഷ്‌കരിക്കുന്നതിനൊപ്പം പുതിയ പദ്ധതികൾക്കും രൂപം നൽകും. ഇതുസംബന്ധിച്ച ചർച്ചകൾ വകുപ്പുതലത്തിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാനൽ ചർച്ചകളും ഓപ്പൺ ഫോറവും
ശില്പശാലയുടെ ഭാഗമായി വിവിധ വിഷയങ്ങൾ കേന്ദ്രീകരിച്ച് പാനൽ ചർച്ചകളും ഓപ്പൺ ഫോറവും നടന്നു. ഭിന്നശേഷിക്കാരുടെ അവകാശ നിയമങ്ങളും അസിസ്റ്റീവ് സാങ്കേതികവിദ്യകളും, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളുടെ അവകാശാധിഷ്ഠിത ഭരണനിർവഹണവും സുസ്ഥിര ഉപജീവന മാർഗങ്ങളും, കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്കുള്ള നിയമ-സാമൂഹിക പിന്തുണയും പ്രൊബേഷൻ സേവനങ്ങളുടെ ആധുനികവൽക്കരണവും എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ.
ജയിൽ ഡി.ജി.പി എസ്. ശ്രീജിത്ത്, പ്ലാനിംഗ് ബോർഡ് അംഗം ജി. വിജയരാഘവൻ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ അരുൺ എസ്. നായർ, സംസ്ഥാന ഭിന്നശേഷി കമീഷണർ പി.ടി ബാബുരാജ്, സാമൂഹ്യനീതി വകുപ്പ് അഡീഷണൽ ഡയറക്ടർ എസ്. ജലജ, മുൻ പ്ലാനിംഗ് ബോർഡ് അംഗം മിനി സുകുമാർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala