ജലനയം 2027 തുടക്കത്തിൽ; ജലവിഭവ വകുപ്പിൽ സമഗ്ര പരിഷ്‌കരണം | Keraladesham

November 3, 2026
web-logo
സർക്കാർ അറിയിപ്പുകൾ

ജലനയം 2027 തുടക്കത്തിൽ; ജലവിഭവ വകുപ്പിൽ സമഗ്ര പരിഷ്‌കരണമെന്ന് മന്ത്രി മോൻസ് ജോസഫ്

2 minutes read
Nov 2, 2026
news-image-1
Font Size:
18 px
Share :

കുടിവെള്ള-ജലസേചന മേഖലയിൽ സമഗ്ര പരിഷ്‌കരണത്തിന് സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ജലവിഭവ വകുപ്പിന് കീഴിലുള്ള വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് രൂപീകരിക്കുന്ന ജലനയം 2027-ന്റെ തുടക്കത്തിൽ തന്നെ പ്രഖ്യാപിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. വകുപ്പിനെയും വാട്ടർ അതോറിറ്റിയെയും കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുകയാണ് ലക്ഷ്യം. ജലനയത്തിന്റെ ഭാഗമായി ഡിസംബർ ആദ്യവാരം തിരുവനന്തപുരത്ത് ‘കേരള വാട്ടർ കോൺക്ലേവ്’ നടക്കും; അന്താരാഷ്ട്ര ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

കുടിവെള്ള നഷ്ടം തടയാൻ പൈലറ്റ് പദ്ധതി

അരുവിക്കരയിൽ നിന്ന് തലസ്ഥാനത്തേക്ക് പമ്പ് ചെയ്യുന്ന കുടിവെള്ളത്തിന്റെ പകുതിയോളം വിതരണത്തിന് മുൻപേ നഷ്ടപ്പെടുന്നത് കണ്ടെത്തി പരിഹരിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി പൈലറ്റ് പ്രോജക്റ്റ് ആരംഭിക്കും; വിജയിച്ചാൽ സംസ്ഥാനമാകെ വ്യാപിപ്പിക്കും. തിരുവനന്തപുരം നഗരം, കഴക്കൂട്ടം, ടെക്‌നോസിറ്റി മേഖലകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഈ സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കും. തീരദേശത്ത് ഡീസാലിനേഷൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ പോള സംസ്‌കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കാൻ വിദേശ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതും പരിഗണനയിലുണ്ട്. ഇവ പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ചു.

ജനുവരി മുതൽ 140 നിയമസഭാ മണ്ഡലങ്ങളിലും എംഎൽഎമാർ അധ്യക്ഷരായ സമിതികൾ രൂപീകരിക്കും. തദ്ദേശ ജനപ്രതിനിധികളും വാട്ടർ അതോറിറ്റി, പിഡബ്ല്യുഡി, എൽഎസ്ജിഡി ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സമിതി മാസംതോറും യോഗം ചേരും. മൂന്ന് മാസത്തിലൊരിക്കൽ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാതല അവലോകനവും ആറു മാസത്തിലൊരിക്കൽ മന്ത്രിതല അവലോകനവും ഉണ്ടാകും. പൈപ്പിടാൻ പൊളിക്കുന്ന പിഡബ്ല്യുഡി റോഡുകൾ ഇനി പിഡബ്ല്യുഡിയും ഗ്രാമീണ/പഞ്ചായത്ത് റോഡുകൾ തദ്ദേശ സ്ഥാപനങ്ങളും നേരിട്ട് പുനരുദ്ധരിക്കും; തുക വാട്ടർ അതോറിറ്റി കൈമാറും. മന്ത്രിമാർ തമ്മിൽ ധാരണയായി, ഉന്നതതല യോഗത്തിന് ശേഷം ഉത്തരവിറങ്ങും.

മുല്ലപ്പെരിയാർ, ഡാം സുരക്ഷ

മുല്ലപ്പെരിയാർ അണക്കെട്ടിൽ വിശദ സുരക്ഷാ പരിശോധനയ്ക്ക് അനുമതി നൽകിയ 2024-ലെ സുപ്രീം കോടതി വിധി നടപ്പാക്കാൻ സംസ്ഥാനം പ്രത്യേക ഹർജി നൽകും. മുതിർന്ന അഭിഭാഷകൻ മോഹൻ വി. കട്ടാർക്കിയെ പ്രധാന അഭിഭാഷകനായി നിയമിച്ചു. തമിഴ്‌നാടുമായുള്ള തർക്കം പരിഹരിക്കാൻ കേന്ദ്രത്തിന്റെ സജീവ ഇടപെടൽ തേടും. ബേബി ഡാം വിഷയത്തിൽ കോടതി വ്യവസ്ഥകൾ പാലിച്ചതായി സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇറിഗേഷന്റെയും വാട്ടർ അതോറിറ്റിയുടെയും 22 ഡാമുകളുടെ സുരക്ഷാ വിലയിരുത്തൽ ഡിസംബർ 31-നകം പൂർത്തിയാക്കും. ഡാം സൈറ്റുകളും കനാലുകളും നവീകരിച്ച് ഇറിഗേഷൻ ടൂറിസം വികസിപ്പിക്കും; പൂട്ടിക്കിടക്കുന്ന മലമ്പുഴ ഉദ്യാനം അടിയന്തരമായി നവീകരിച്ച് തുറക്കും. വകുപ്പ് ഭൂമിയുടെ അസറ്റ് മാപ്പിംഗ് ആറ് മാസത്തിനകം നടത്തി കയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കും.

ജൽ ജീവൻ മിഷൻ വേഗത്തിലാക്കാൻ കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള 8000 കോടിയോളം രൂപയ്ക്കായി ജലശക്തി മന്ത്രാലയവുമായി ചർച്ച നടത്തും. നബാർഡിന്റെ 7000 കോടി രൂപ വായ്പ ഉപയോഗിച്ച് കരാറുകാരുടെ കുടിശികയുടെ വലിയൊരു ഭാഗം നൽകി. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് സഹായത്തോടെ 4000 കോടി രൂപയുടെ തീരസംരക്ഷണ പദ്ധതി നടപ്പാക്കും; ചെല്ലാനം, പൊഴിയൂർ എന്നിവയ്ക്ക് പുറമെ 10 ഹോട്ട്‌സ്‌പോട്ടുകൾ നിശ്ചയിച്ചു. ശംഖുമുഖം ബീച്ച് പുനസ്ഥാപനവും പരിഗണനയിലാണ്.

രണ്ട് വർഷത്തിനകം സാധ്യമായ എല്ലാ പദ്ധതികളും പൂർത്തിയാക്കി പരമാവധി സ്ഥലങ്ങളിൽ കുടിവെള്ളമെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. വാട്ടർ അതോറിറ്റിയുടെയും ഇറിഗേഷൻ വകുപ്പിന്റെയും ഗസ്റ്റ് ഹൗസുകളും ഇൻസ്‌പെക്ഷൻ ബംഗ്ലാവുകളും നവീകരിച്ച് പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ന്യായമായ വാടകയ്ക്ക് നൽകുന്നത് ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags