പട്ടികവിഭാഗങ്ങൾക്ക് 1,000 കോടിയുടെ ഭവനപദ്ധതി; നവംബർ 1 മുതൽ അപേക്ഷ | Keraladesham

November 3, 2026
web-logo
സർക്കാർ അറിയിപ്പുകൾ

പട്ടികവിഭാഗങ്ങൾക്ക് 1,000 കോടിയുടെ ഭവനപദ്ധതി; നവംബർ 1 മുതൽ അപേക്ഷിക്കാം, സഹായം ആറ് ലക്ഷമാക്കി

2 minutes read
Oct 30, 2026
news-image-1
Font Size:
18 px
Share :

പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കായി സംസ്ഥാന സർക്കാർ ഒരുക്കുന്ന 1,000 കോടി രൂപയുടെ പുതിയ ഭവനപദ്ധതി കേരളപ്പിറവി ദിനമായ നവംബർ 1ന് തുടക്കമാകും. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭവന പദ്ധതിയാണിതെന്നും ഈ വർഷം 25,000 പട്ടികജാതി കുടുംബങ്ങൾക്കും 7,000 പട്ടികവർഗ കുടുംബങ്ങൾക്കും വീട് നിർമിക്കാൻ ധനസഹായം നൽകുമെന്നും പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി സെക്രട്ടേറിയറ്റിലെ പി.ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ധനസഹായം ഉയർത്തി

പട്ടികജാതി ഭവനപദ്ധതിയിലെ സഹായം നാല് ലക്ഷത്തിൽ നിന്ന് ആറ് ലക്ഷം രൂപയായി ഉയർത്തി; നാല് ഗഡുക്കളായാണ് വിതരണം. പട്ടികവർഗ വിഭാഗത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ വീട് വയ്ക്കുന്നവർക്ക് നാലിൽ നിന്ന് ആറ് ലക്ഷമായും, സങ്കേതങ്ങൾക്കുള്ളിലും അവയോട് ചേർന്ന ഇടങ്ങളിലും അതീവ ദുർഘട പ്രദേശങ്ങളിലും വീട് വയ്ക്കുന്നവർക്ക് ആറിൽ നിന്ന് എട്ട് ലക്ഷമായും തുക വർധിപ്പിച്ചു. പട്ടികജാതി വിഭാഗങ്ങൾക്ക് 727.68 കോടി രൂപയുടെയും പട്ടികവർഗ വിഭാഗങ്ങൾക്ക് 252.52 കോടി രൂപയുടെയും തനത് ഭവനപദ്ധതികൾക്ക് ഭരണാനുമതി നൽകി. പ്രത്യേക ശ്രദ്ധ അർഹിക്കുന്ന പട്ടികജാതി വിഭാഗങ്ങൾക്കായി 20 കോടി രൂപ കൂടി ചേർത്താണ് ആകെ 1,000 കോടി രൂപ വകയിരുത്തുന്നത്.

കഴിഞ്ഞ വർഷം വരെ ഈ വിഭാഗങ്ങൾ ലൈഫ് പദ്ധതിയെയാണ് ആശ്രയിച്ചിരുന്നതെന്നും അർഹമായ സഹായം ലഭ്യമായില്ലെന്നും മന്ത്രി പറഞ്ഞു. 2024-25ൽ 120 കോടിയും 2025-26ൽ 105 കോടിയും പട്ടികജാതി വികസന വകുപ്പ് ലൈഫ് മിഷന് നൽകിയെങ്കിലും ഒരു രൂപ പോലും ചെലവഴിക്കാതെ വർഷാവസാനം ധനവകുപ്പ് തിരിച്ചെടുത്തു. എട്ട് വർഷം കൊണ്ട് ലൈഫ് മിഷൻ പട്ടികജാതിക്കാർക്കായി ചെലവഴിച്ചത് 757.47 കോടി രൂപയാണെങ്കിൽ, ഈ വർഷം മാത്രം വകുപ്പ് തനത് ഭവനപദ്ധതിക്ക് 727.62 കോടി രൂപ വിനിയോഗിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

അർഹതയും മുൻഗണനയും

കുടുംബത്തിന്റെ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപ. വിധവകൾ കുടുംബനാഥയായ കുടുംബങ്ങൾ, മാരക രോഗം ബാധിച്ചവരുള്ള കുടുംബങ്ങൾ, പ്രത്യേക ശ്രദ്ധ അർഹിക്കുന്ന വിഭാഗങ്ങൾ എന്നിവർക്ക് മുൻഗണനയുണ്ട്. പട്ടികജാതി പദ്ധതിയിൽ ഗ്രാമങ്ങളിൽ കുറഞ്ഞത് രണ്ട് സെന്റും നഗരങ്ങളിൽ ഒന്നര സെന്റും ഭൂമിയുള്ള, 70 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം; 50 വയസ്സിന് മുകളിലുള്ള അവിവാഹിത വനിതകളെയും പരിഗണിക്കും. 50,000 രൂപ വരെ വരുമാനമുള്ളവർക്ക് മുൻഗണന; വീടിന് 500 ചതുരശ്ര അടി വിസ്തീർണം വേണം. പട്ടികവർഗ പദ്ധതിയിൽ ഒരു ലക്ഷം വരെ വരുമാനമുള്ളവർക്കും രണ്ടിലധികം വിദ്യാർഥികളുള്ള കുടുംബങ്ങൾക്കും മുൻഗണന നൽകും.

നവംബർ 1 മുതൽ 16 വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. പട്ടികജാതി വിഭാഗക്കാർക്ക് ബന്ധപ്പെട്ട വികസന ഓഫീസിൽ നേരിട്ടോ വകുപ്പിന്റെ പോർട്ടലിൽ ഓൺലൈനായോ അപേക്ഷ നൽകാം. പട്ടികവർഗ ഗുണഭോക്താക്കളെ കണ്ടെത്താൻ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നേതൃത്വം നൽകും. നവംബർ 24 വരെ പരിശോധന, നവംബർ 30ന് പട്ടിക ജില്ലാ ഓഫീസർക്ക് സമർപ്പിക്കും. ഡിസംബർ മൂന്നിന് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും; ഡിസംബർ ആറിന് സംസ്ഥാനതല ഉദ്ഘാടനം, ഡിസംബറിൽ ആദ്യഗഡു വിതരണം. വകുപ്പ് സെക്രട്ടറി ഡോ. വീണാമാധവൻ, എസ്ടി ഡയറക്ടർ ബിനു ഫ്രാൻസിസ്, എസ്‌സി ഡയറക്ടർ ഹിമ കെ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags