സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 'മകൾക്കൊപ്പം' പദ്ധതിയുടെ ഭാഗമായി 'പുതുയുഗ വനിതാ നയം- ഹെർ സമ്മിറ്റ് 2026' നവംബർ രണ്ട്, മൂന്ന് തീയതികളിൽ തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടക്കും. മുഖ്യമന്ത്രി വി. ഡി. സതീശൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്യുമെന്ന് വനിതാശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പിആർ ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാരിന്റെ പുതുയുഗ വനിതാനയം മാർച്ച് എട്ടിന് പ്രഖ്യാപിക്കാനാണ് ലക്ഷ്യം.
സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശാക്തീകരണം ഉറപ്പാക്കി സമത്വാധിഷ്ഠിതവും സുരക്ഷിതവും പുരോഗമനപരവുമായ കേരളം കെട്ടിപ്പടുക്കുകയാണ് നയത്തിന്റെ ലക്ഷ്യം. നിലവിലുള്ള നയങ്ങളും അവയുടെ നിർവഹണവും വിലയിരുത്തി കാലോചിതമായ പരിഷ്കാരങ്ങൾക്കും ഇടപെടലുകൾക്കുമുള്ള നിർദേശങ്ങൾ തയ്യാറാക്കും.
ചർച്ചാവിഷയങ്ങൾ
തൊഴിൽ സാമ്പത്തിക ശാക്തീകരണവും സംരംഭകത്വവും, രാഷ്ട്രീയ പ്രാതിനിധ്യവും നേതൃത്വവും, വിദ്യാഭ്യാസം-ആരോഗ്യം-മാനസികക്ഷേമം, സ്ത്രീ സുരക്ഷയും നീതിന്യായവും, സൈബർ സുരക്ഷ എന്നിവയാണ് പ്രധാന വിഷയങ്ങൾ. സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം കൂട്ടൽ, തുല്യവേതനവും സാമൂഹിക സുരക്ഷയും ഉറപ്പാക്കൽ, വനിതാ സംരംഭകത്വവും ഡിജിറ്റൽ തൊഴിൽസാധ്യതയും പ്രോത്സാഹിപ്പിക്കൽ, രാഷ്ട്രീയ നേതൃത്വത്തിലെ സ്ത്രീപങ്കാളിത്തം ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് പ്രത്യേക പരിഗണന ലഭിക്കും. ആരോഗ്യ-വിദ്യാഭ്യാസ അവകാശങ്ങൾ, മാനസികക്ഷേമം, അതിക്രമങ്ങൾക്കെതിരായ നിയമസംരക്ഷണം, സൈബർ കുറ്റകൃത്യങ്ങൾ തടയൽ എന്നിവയിലും പ്രായോഗിക നിർദേശങ്ങൾ ചർച്ചയാകും.
വിഷയവിദഗ്ധർ, സർക്കാർ പ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, അക്കാദമിക-ഗവേഷണ മേഖല, സിവിൽ സമൂഹം, യുവജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി തുടർചർച്ചകളും നടത്തും. ഇവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് നയരൂപീകരണം കൂടുതൽ ജനകീയവും സമഗ്രവുമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
നയശുപാർശയും പ്രവർത്തനരേഖയും
ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്ത്രീശാക്തീകരണം, തൊഴിൽപങ്കാളിത്തം, സുരക്ഷ, ആരോഗ്യം, നിയമപരിഷ്കരണം എന്നിവ സംബന്ധിച്ച നയശുപാർശ തയ്യാറാക്കും. നിർദേശങ്ങൾ നടപ്പാക്കാൻ ഉത്തരവാദപ്പെട്ട സ്ഥാപനങ്ങൾ, സമയപരിധികൾ, പുരോഗതി വിലയിരുത്താനുള്ള സൂചകങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പ്രവർത്തനരേഖയും രൂപപ്പെടുത്തും. വനിതാശിശുവികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, ഡയറക്ടർ വി. വിഘ്നേശ്വരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala