സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സരിക്കാനെത്തിയ താരങ്ങൾക്കും കാണികൾക്കും ഔഷധഗുണമുള്ള കുടിവെള്ളം വിതരണം ചെയ്ത് കേരള ഫയർ സർവീസ് അസോസിയേഷൻ കോഴിക്കോട് മേഖല കമ്മിറ്റി ശ്രദ്ധ നേടുന്നു. മേളയുടെ ആദ്യ ദിനമായ ഒക്ടോബർ 25-ന് ആരംഭിച്ച വിതരണം മുടക്കമില്ലാതെ തുടരുകയാണ്; സമാപന ദിനമായ 31 വരെ ഇത് ഉണ്ടാകും.
മാവൂർ ഫയർ സ്റ്റേഷനിലെ ജീവനക്കാരാണ് കുടിവെള്ള വിതരണത്തിന് നേതൃത്വം നൽകുന്നത്. പ്രതിദിനം ഏകദേശം 1,500 ലിറ്റർ കുടിവെള്ളമാണ് ഇവർ വിതരണം ചെയ്യുന്നത്.
രാമച്ചം, ഏലം, ഗ്രാമ്പൂ, ചുക്ക്, തുളസി എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളമാണ് നൽകുന്നത്. പ്രതിരോധശേഷി വർധിപ്പിക്കാനും ക്ഷീണമകറ്റാനും ഇത് സഹായകമാണ്.
കായികമേളയുടെ വെൽഫെയർ കമ്മിറ്റി ചെയർമാനും വടകര എം.എൽ.എയുമായ കെ.കെ. രമയാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. വിവിധ എം.എൽ.എമാരും യുവജനക്ഷേമ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പദ്ധതിക്ക് അഭിനന്ദനവും പിന്തുണയും അറിയിച്ചു.
ലഹരിക്കെതിരായ പോരാട്ടമായ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഉദ്യമം മുന്നോട്ടുപോകുന്നത്. കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിലും ഫയർഫോഴ്സ് സമാനമായ കുടിവെള്ള വിതരണം ഒരുക്കിയിരുന്നു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala