കോഴിക്കോട് 'ക്യാമ്പസ് ടു ബൂത്ത്' വോട്ടർ ഡ്രൈവ് നവംബർ 2 മുതൽ | Keraladesham

October 31, 2026
web-logo
കേരളം

കോഴിക്കോട് 'ക്യാമ്പസ് ടു ബൂത്ത്': 17 തികഞ്ഞവർക്കും വോട്ടർപട്ടികയിൽ പേര് ചേർക്കാൻ നവംബർ 2 മുതൽ ഡ്രൈവ്

1 minute read
Oct 31, 2026
news-image-1
Font Size:
18 px
Share :

വോട്ടർപട്ടികയിൽ പേര് ചേർക്കാൻ യുവജനങ്ങളെ പ്രാപ്തരാക്കുന്നതിനായി കോഴിക്കോട് ജില്ലയിലെ ക്യാമ്പസുകളിൽ നവംബർ രണ്ട് മുതൽ ഏഴ് വരെ 'ക്യാമ്പസ് ടു ബൂത്ത്' ഡ്രൈവ് നടക്കും. സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ (സ്പെഷ്യൽ സമ്മറി റിവിഷൻ) യജ്ഞം 2027-ന്റെ ഭാഗമായ പരിപാടിയുടെ പോസ്റ്റർ പ്രകാശനവും അധ്യാപക കോർഡിനേറ്റർമാർക്കുള്ള പരിശീലനവും ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ഉദ്ഘാടനം ചെയ്തു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ.കെ. പ്രതീഷ് അധ്യക്ഷനായി. രണ്ട് സെഷനുകളിലായി നടന്ന പരിശീലനത്തിൽ വടകര, കൊയിലാണ്ടി, താമരശ്ശേരി, കോഴിക്കോട് താലൂക്കുകളിലെ ഹയർ സെക്കൻഡറി സ്കൂളുകളിലെയും കോളേജുകളിലെയും ഇ.എൽ.സി/എൻ.എസ്.എസ് കോർഡിനേറ്റർമാർ പങ്കെടുത്തു.

ആർക്കൊക്കെ പേര് ചേർക്കാം

2027 ജനുവരി ഒന്നിന് 18 വയസ്സ് തികയുന്നവർക്കും നിലവിൽ 17 വയസ്സ് പൂർത്തിയായവർക്കും ഡ്രൈവിലൂടെ വോട്ടർപട്ടികയിൽ പേര് ചേർക്കാം. ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഡ്രൈവ്. ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെയും എൻ.എസ്.എസിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

നിലവിൽ കോളേജുകൾക്ക് സമീപത്തെ വില്ലേജ് ഓഫീസുകളിലെ ഫെസിലിറ്റേഷൻ സെന്ററുകളിൽ രണ്ട് എൻ.എസ്.എസ് വോളന്റിയർമാർ വീതം അർഹരായവരെ ഓൺലൈനായി പേര് ചേർക്കാൻ സഹായിക്കുന്നുണ്ട്. നേരിട്ട് ലഭിക്കുന്ന അപേക്ഷകൾ ബൂത്ത് ലെവൽ ഓഫീസർമാരുമായി ചേർന്ന് ഡിജിറ്റലൈസ് ചെയ്യാനും ഇവർ സഹായിക്കുന്നു. ഇതിന് പുറമെയാണ് 'ക്യാമ്പസ് ടു ബൂത്ത്' ഡ്രൈവ്.

തിരഞ്ഞെടുപ്പ് വിഭാഗം സീനിയർ ക്ലർക്ക് സി. രാജേഷ്, ടെക്നിക്കൽ അസിസ്റ്റന്റ് എം. പ്രയാഗ്, ഇ.എൽ.സി ജില്ലാ കോളേജ് കോർഡിനേറ്റർ ഡോ. നിജീഷ് ആനന്ദ്, ജൂനിയർ സൂപ്രണ്ടും ഇ.എൽ.സി ജില്ലാ സ്കൂൾ കോർഡിനേറ്ററുമായ എസ്. കമലേഷ്, ജില്ലാ എൻ.എസ്.എസ് കോർഡിനേറ്റർ ഫസീൽ അഹമ്മദ്, എം.എം. വിഷ്ണു എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags