എസ്.എസ്.എൽ.സി പരീക്ഷ 2027 മാർച്ച് ഒന്നിന് തുടങ്ങും; ഫലം മെയ് ആദ്യവാരം | Keraladesham

November 13, 2026
web-logo
വിദ്യാഭ്യാസം

എസ്.എസ്.എൽ.സി പരീക്ഷ 2027 മാർച്ച് ഒന്നിന് തുടങ്ങും; ഫലം മെയ് ആദ്യവാരം, 4.25 ലക്ഷം പേർ എഴുതും

1 minute read
Nov 13, 2026
news-image-1
Font Size:
18 px
Share :

2026-27 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ 2027 മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 30-ന് സമാപിക്കും. പരീക്ഷാഫലം മെയ് മാസം ആദ്യവാരം പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്), ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷകളും ഇതേ കാലയളവിൽ, മാർച്ച് ഒന്ന് മുതൽ 30 വരെ നടക്കും. മാർച്ച് 8-ലെ പരീക്ഷ ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങും; മറ്റെല്ലാ പരീക്ഷകളും രാവിലെ 9.30-നാണ് ആരംഭിക്കുക.

3,049 കേന്ദ്രങ്ങൾ, 4.25 ലക്ഷം വിദ്യാർത്ഥികൾ

ഗൾഫ്, ലക്ഷദ്വീപ് ഉൾപ്പെടെ ആകെ 3,049 പരീക്ഷാകേന്ദ്രങ്ങളാണ് ഒരുക്കുന്നത്. ഗൾഫിലും ലക്ഷദ്വീപിലും ഏഴ് കേന്ദ്രങ്ങൾ വീതമുണ്ട്. ടി.എച്ച്.എസ്.എൽ.സി-ക്ക് 46, എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്)-ന് 29, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്)-ന് രണ്ട് കേന്ദ്രങ്ങൾ വീതവും എ.എച്ച്.എസ്.എൽ.സി-ക്ക് കലാമണ്ഡലത്തിൽ ഒരു കേന്ദ്രവുമാണുള്ളത്. എല്ലാ വിഭാഗങ്ങളിലുമായി ഏകദേശം 4,25,000 വിദ്യാർത്ഥികൾ പൊതുപരീക്ഷ എഴുതും.

പ്രധാന തീയതികൾ

ഐ.ടി പ്രാക്ടിക്കൽ പരീക്ഷ 2027 ഫെബ്രുവരി 1 മുതൽ 15 വരെയും മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയും നടക്കും. ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ഏപ്രിൽ 5-ന് ആരംഭിച്ച് ഏപ്രിൽ 27-ന് പൂർത്തിയാകും.

കാൻഡിഡേറ്റ് രജിസ്ട്രേഷൻ നവംബർ 18 മുതൽ ആരംഭിക്കും. രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള പരീക്ഷാ നടപടികൾ ഇത്തവണ UEMS (യൂണിഫൈഡ് എക്സാമിനേഷൻ മാനേജ്മെന്റ് സിസ്റ്റം) എന്ന പുതിയ സോഫ്റ്റ്‌വെയർ വഴിയായിരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അരുൺ കെ വിജയനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags