വിദ്യാർഥികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ട് തയ്യാറാക്കിയ സിദ്ധാർത്ഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ നടന്ന ചടങ്ങിൽ ഡിജിറ്റൽ സർവകലാശാല വിദ്യാർഥിനി പൗശാലിക്ക് ആപ്പിന്റെ മാതൃക കൈമാറിയായിരുന്നു ഉദ്ഘാടനം. പൗശാലിയുടെ ഫോണിൽ നിന്ന് ആപ്പിലേക്ക് അയച്ച സന്ദേശം അധികാരികൾക്ക് തത്സമയം ലഭിക്കുന്നത് വേദിയിൽ പ്രദർശിപ്പിച്ചു. സിദ്ധാർത്ഥന്റെ അമ്മയും ചടങ്ങിനെത്തി.
ഒറ്റയ്ക്കല്ല, സമൂഹം കൂടെയുണ്ടെന്ന ഉറപ്പാണ് ഈ ആപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനി ആർക്കും തന്റെ അനുഭവം ഉണ്ടാകരുതെന്ന സിദ്ധാർത്ഥന്റെ അമ്മയുടെ വാക്കുകളിൽ നിന്നാണ് ആപ്പ് പിറന്നത്. പരാതികളോ മാനസിക പ്രയാസങ്ങളോ ഉള്ള വിദ്യാർഥികൾക്ക് ആപ്പിൽ സന്ദേശമയയ്ക്കാം; അയയ്ക്കുന്നയാളുടെ പേര് വെളിപ്പെടുത്തില്ല. റാഗിങ് നടത്തുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ആപ്പെന്നും അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി ഒരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ലെന്ന ഉത്തമ ബോധ്യം സർക്കാരിനുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ പറഞ്ഞു. ആശങ്കയില്ലാതെ കേരളത്തിലെ ഏത് ക്യാമ്പസിലേക്കും മക്കളെ അയയ്ക്കാൻ മാതാപിതാക്കൾക്ക് സർക്കാർ ധൈര്യം പകരും. റാഗിങ് മാത്രമല്ല, അക്രമങ്ങളും അരാജകത്വവും പോർവിളികളും ക്യാമ്പസുകളിൽ വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആപ്പിന്റെ സവിശേഷതകൾ
റാഗിങ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ രഹസ്യമായി അറിയിക്കാനും സഹായം തേടാനും ആപ്പ് സൗകര്യമൊരുക്കുന്നു. വ്യക്തിത്വം വെളിപ്പെടുത്താതെ ഓഡിയോ പരാതികൾ രേഖപ്പെടുത്താനും സുരക്ഷാ വിവരങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കാനും കഴിയും. ഡിജിറ്റൽ സർവകലാശാലയാണ് ആപ്പ് രൂപകൽപന ചെയ്തത്.
ആപ്പിന് നിയമപരമായ അടിത്തറ ഉറപ്പാക്കാനും സംസ്ഥാന ആന്റി റാഗിങ് കമ്മീഷൻ രൂപീകരിക്കാനുമായി സിദ്ധാർത്ഥ് ആന്റി റാഗിങ് ആക്ടിന്റെ കരട് സർക്കാരിന്റെ പരിഗണനയിലാണ്.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala