സത്രം വഴി പരമ്പരാഗത കാനനപാതയിലൂടെയുള്ള ശബരിമല തീർഥാടനയാത്ര ആരംഭിച്ചു. രാവിലെ ഏഴരയ്ക്ക് അഴുത ഫോറസ്റ്റ് സെക്ഷൻ ഓഫീസിനു മുന്നിലെ കൗണ്ടറിൽ പരിശോധന പൂർത്തിയാക്കി ആദ്യ സംഘം മല കയറി. പീരുമേട് എം.എൽ.എ സിറിയക് തോമസ്, വനം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഐ.എസ്. സുരേഷ്ബാബു, അഴുത റേഞ്ച് ഓഫീസർ ഡി. ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യ സംഘത്തെ യാത്രയാക്കിയത്.
സത്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തെ പന്തലിൽ നിന്ന് ടോക്കൺ നൽകിയാണ് ഭക്തരെ കാനനപാതയിലേക്ക് കടത്തിവിടുന്നത്. ആദ്യ മണിക്കൂറിൽ തന്നെ അറുനൂറിലധികം അയ്യപ്പഭക്തർ ടോക്കൺ കൈപ്പറ്റി. പാതയിലെ പ്രധാന കേന്ദ്രങ്ങളും ലഭ്യമായ സേവനങ്ങളും രേഖപ്പെടുത്തിയ അച്ചടിച്ച റൂട്ട് മാപ്പും ഭക്തർക്ക് നൽകും. പ്ലാസ്റ്റിക് വസ്തുക്കളും സാനിറ്റൈസർ പോലുള്ളവയും കൊണ്ടുപോകാൻ അനുവദിക്കില്ല.
സുരക്ഷയ്ക്ക് വിപുലമായ ക്രമീകരണം
വനം, പോലീസ്, ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ. സത്രം, പുൽമേട്, കാനനപാത എന്നിവിടങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സേവനത്തിനുണ്ട്. വന്യമൃഗ ശല്യമില്ലെന്ന് ഉദ്യോഗസ്ഥർ പാതയിലൂടെ സഞ്ചരിച്ച് ഉറപ്പാക്കിയ ശേഷമേ തീർഥാടകരെ കടത്തിവിടൂ. പാതയിലുടനീളം ഇക്കോ ഗാർഡുമാരെയും വനംവകുപ്പിന്റെ ആർ.ആർ.ടി., സർപ്പ ടീം എന്നിവയെയും നിയോഗിച്ചിട്ടുണ്ട്. ആശയവിനിമയ തടസ്സം ഒഴിവാക്കാൻ സത്രം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ വി.എച്ച്.എഫ് സംവിധാനവും ഏർപ്പെടുത്തി.
പാതയിലെ ശുചീകരണം, യാത്രാതടസ്സങ്ങൾ നീക്കൽ, അപകടസാധ്യതയുള്ള ഇടങ്ങളിൽ മുന്നറിയിപ്പ്–ദിശാ ബോർഡുകൾ സ്ഥാപിക്കൽ എന്നിവ പൂർത്തിയായി. വന്യമൃഗ ആക്രമണം തടയാനുള്ള മുൻകരുതലുകളും കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സത്രം–പുൽമേട്–കരിമല മേഖലകളിൽ വനംവകുപ്പിന്റെ സർവീസ് പോയിന്റുകൾ പ്രവർത്തിക്കും. സത്രത്തിലെ താൽക്കാലിക ഡിസ്പെൻസറി, മൊബൈൽ മെഡിക്കൽ യൂണിറ്റ്, പുൽമേട്ടിലെ മെഡിക്കൽ സേവനങ്ങൾ എന്നിവ വഴി ആരോഗ്യസഹായം ലഭ്യമാക്കും.
ഹരിതചട്ടം കർശനം; സ്പോട്ട് ബുക്കിംഗ് രണ്ടിടത്ത്
മാലിന്യശേഖരണത്തിനും തരംതിരിച്ചുള്ള സംസ്കരണത്തിനും സംവിധാനമുണ്ട്; ഹരിതചട്ടം കർശനമായി നടപ്പാക്കും. മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലും താൽക്കാലിക കടകളിലും 2026 നവംബർ 15 മുതൽ 2027 ജനുവരി 15 വരെ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെയും കുപ്പികളുടെയും വിൽപ്പനയും ഉപയോഗവും നിരോധിച്ചു. ഇത്തവണ കെ.കെ. റോഡിൽ വാളാർഡിയിലും വണ്ടിപ്പെരിയാറിലുമാണ് സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ. വാളാർഡിയിൽ വിശാലമായ പാർക്കിംഗ് സൗകര്യമുണ്ട്; തിരക്കനുസരിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.
ഭക്തർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വനമേഖലയിൽ മാലിന്യം വലിച്ചെറിയാതെയും വന്യജീവികൾക്ക് ശല്യമുണ്ടാക്കാതെയും പരിസ്ഥിതി സൗഹൃദ തീർഥാടനം ഉറപ്പാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala