സംസ്ഥാനത്ത് ലേബർ കോഡുകൾ നടപ്പാക്കുന്നത് തൊഴിലാളികളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിച്ചുകൊണ്ടായിരിക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. ലേബർ കോഡ് നടപ്പാക്കലുമായി ബന്ധപ്പെട്ട കരട് റിപ്പോർട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
മിനിമം വേതനം വർധിപ്പിക്കാനും കൂടുതൽ തൊഴിലാളികളെ ബോണസ് പരിധിയിൽ ഉൾപ്പെടുത്താനുമുള്ള നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്. ട്രേഡ് യൂണിയൻ പ്രതിനിധികളുമായും മറ്റ് ബന്ധപ്പെട്ട കക്ഷികളുമായും നടത്തിയ വിശദമായ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
സമിതി രൂപീകരിച്ചത് ഒക്ടോബർ 22-ന്
ലേബർ കോഡിന് അനുബന്ധമായി സംസ്ഥാന ചട്ടങ്ങൾ രൂപീകരിക്കാൻ ആവശ്യമായ പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതി രൂപീകരിക്കാൻ ഒക്ടോബർ 22-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനിച്ചത്.
ലേബർ കമ്മിഷണർ കൺവീനറും നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി അംഗവുമായ സമിതിയിൽ വിവിധ ട്രേഡ് യൂണിയനുകളുടെ ഏഴ് പ്രതിനിധികളും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നു. പത്ത് ദിവസം നീണ്ട ചർച്ചകൾക്കും പരിശോധനകൾക്കും ശേഷം സമിതി കരട് റിപ്പോർട്ട് തൊഴിൽ മന്ത്രിക്ക് സമർപ്പിച്ചു; മന്ത്രി അത് മുഖ്യമന്ത്രിക്ക് കൈമാറി.
തൊഴിലാളികളുടെ ക്ഷേമം, തൊഴിൽ സുരക്ഷ, വേതനം, ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനുള്ള വിവിധ നിയമഭേദഗതികളും നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala