സൈബർ ആക്രമണം തടയാൻ പ്രത്യേക നിയമം; വനിതാനയം നടപ്പാക്കും: മുഖ്യമന്ത്രി | Keraladesham

November 3, 2026
web-logo
സർക്കാർ അറിയിപ്പുകൾ

സ്ത്രീകൾക്കെതിരായ സൈബർ ആക്രമണം തടയാൻ പ്രത്യേക നിയമം; വനിതാനയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

2 minutes read
Nov 3, 2026
news-image-1
Font Size:
18 px
Share :

സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കുന്ന മാതൃകാ വനിതാനയം ഇച്ഛാശക്തിയോടെ, വിട്ടുവീഴ്ചയില്ലാതെ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സോഷ്യൽ മീഡിയയിൽ സ്ത്രീകൾ നേരിടുന്ന സൈബർ ആക്രമണങ്ങൾ തടയാൻ പ്രത്യേക നിയമനിർമ്മാണം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 'മകൾക്കൊപ്പം' പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ സംഘടിപ്പിക്കുന്ന ദ്വിദിന പുതുയുഗ വനിതാനയം ഹെർ സമ്മിറ്റ് 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പൊതുവിടങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലും സ്ത്രീകൾ നേരിടുന്ന അക്രമങ്ങളിൽ നിന്നും അപമാനങ്ങളിൽ നിന്നും പൂർണ സംരക്ഷണം ഉറപ്പാക്കും. മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന തരത്തിൽ എല്ലാ മേഖലയിലുള്ളവരുടെയും അഭിപ്രായം സ്വരൂപിച്ചാണ് നയം തയ്യാറാക്കുന്നത്. സാധാരണക്കാരായ സ്ത്രീകൾ അപമാനിക്കപ്പെടുന്നത് തടയാൻ കർശന ഇടപെടൽ വേണമെന്നും ലോകം മാറുമ്പോൾ ചിന്തകളും മാറണമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക് ബൃഹദ് പദ്ധതികൾ

സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കായുള്ള ബൃഹദ് പദ്ധതികൾ ഈ വർഷം തന്നെ ആരംഭിക്കും. ഓരോ പ്രദേശത്തിനും അനുയോജ്യമായ ഉൽപ്പന്നങ്ങളും സേവനങ്ങളും കണ്ടെത്തി വിപണനത്തിന് സർക്കാർ സഹായവും നോളജ് പാർട്ണറുടെ പിന്തുണയും നൽകും. സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് പദ്ധതികൾ മാറ്റിവെക്കില്ലെന്നും സ്വപ്നപദ്ധതി പൂർണമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വനിതാ സംരംഭകർക്ക് സാമ്പത്തിക-സാങ്കേതിക പിന്തുണയും ഹരിത സമ്പദ് വ്യവസ്ഥയിലും പുതിയ തൊഴിൽ മേഖലകളിലും അർഹമായ പ്രാതിനിധ്യവും നയം ഉറപ്പാക്കുമെന്ന് അധ്യക്ഷത വഹിച്ച വനിതാ ശിശുസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. നയരൂപീകരണം, ബജറ്റ് തീരുമാനങ്ങൾ, ഭരണനിർവഹണം എന്നിവയിൽ സ്ത്രീകളുടെ യഥാർഥ പങ്കാളിത്തം ഉറപ്പാക്കും. ലിംഗസമത്വവും അവകാശബോധവും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും. കൗമാര-ആർത്തവ ആരോഗ്യം, മാനസികാരോഗ്യം, പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്നിവ ഗൗരവമായി കൈകാര്യം ചെയ്യും. പെൺകുട്ടികളും പുരുഷന്മാരും ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം സ്വീകരിച്ച് ജനാധിപത്യപരമായാണ് നയം രൂപീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളം കഴിഞ്ഞ 70 വർഷം മുന്നോട്ടുപോയത് ജനാധിപത്യപരമായ കൂട്ടായ ചർച്ചകളിലൂടെയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി ചൂണ്ടിക്കാട്ടി. വീട്ടമ്മമാർ, തൊഴിലെടുക്കുന്ന സ്ത്രീകൾ, സംരംഭകർ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ സ്വരൂപിച്ചാണ് നയം രൂപപ്പെടുന്നതെന്നും, സർക്കാരിന്റെ തുടക്കത്തിൽ തന്നെ ഹെർ സമ്മിറ്റിന് മുൻകൈയെടുത്ത വകുപ്പിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബാ ജോർജ് സ്വാഗതം ആശംസിച്ചു. എം.എൽ.എമാരായ ഉമാ തോമസ്, ഉഷാ വിജയൻ, ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർപേഴ്സൺ ഡോ. എം.കെ. മുനീർ, വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി. സതീദേവി, മുൻ മന്ത്രി പി.കെ. ശ്രീമതി, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags