ഭരണഘടനാ ചട്ടക്കൂട് ചിന്തകളിൽ വേണം: മുഖ്യമന്ത്രി; വാഗ്മി-2026 ജേതാക്കൾ | Keraladesham

November 27, 2026
web-logo
സർക്കാർ അറിയിപ്പുകൾ

ഭരണഘടനാ ചട്ടക്കൂട് ചിന്തകളിൽ വേണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; വാഗ്മി-2026ൽ ആൻസി വി.എ ഒന്നാമത്

1 minute read
Nov 27, 2026
news-image-1
Font Size:
18 px
Share :

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ എല്ലാവരും തീരുമാനമെടുക്കുമ്പോഴും സംസാരിക്കുമ്പോഴും മനസ്സിൽ ഒരു 'ഭരണഘടനാ ചട്ടക്കൂട്' സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമവകുപ്പ് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയും അഖിലകേരള ഭരണഘടനാ പ്രസംഗമത്സരമായ 'വാഗ്മി-2026' വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ ചട്ടക്കൂടിൽ നിന്നുകൊണ്ട് ചിന്തിച്ചാൽ നീതിനിഷേധം ഉണ്ടാകില്ലെന്നും സാമൂഹികനീതി ഉറപ്പാക്കാനും എല്ലാവരെയും ഉൾച്ചേർക്കാനും രാജ്യത്തിന്റെ സവിശേഷതകൾ തിരിച്ചറിയാനും കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളും സവിശേഷതകളും എല്ലാ പൗരന്മാർക്കും മനസ്സിലാക്കാനുള്ള അവസരം പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ഭരണഘടനാമൂല്യങ്ങളിൽ സാമൂഹികനീതി ഉൾക്കൊള്ളുന്നുണ്ട്. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പാണ് ജനാധിപത്യ ഭരണക്രമത്തിലെ ഏറ്റവും പ്രധാന ഘടകം. ഭരണഘടനാ ധാർമികതയും മൂല്യങ്ങളും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും ഇതുവരെ വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗ്രന്ഥം ഇന്ത്യൻ ഭരണഘടനയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ദിനാഘോഷത്തിന് തുടക്കമിട്ട് അദ്ദേഹം ഭരണഘടനയുടെ ആമുഖം വായിച്ചുനൽകി.

വാഗ്മി-2026 ജേതാക്കൾ

പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് കോളജുകളിലെയും വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിൽ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജിലെ ആൻസി വി.എ ഒന്നാം സ്ഥാനം നേടി. കേരള യൂണിവേഴ്സിറ്റി കാര്യവട്ടം പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ സ്നേഹ എസ്. രണ്ടാം സ്ഥാനവും മാനന്തവാടി കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെന്ററിലെ അഞ്ജലി കൃഷ്ണ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

വിജയികൾക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ വീതവും ട്രോഫിയും സർട്ടിഫിക്കറ്റും ഭരണഘടനാ ഡിബേറ്റിന്റെ ഒന്നും രണ്ടും വാല്യങ്ങളും സമ്മാനമായി ലഭിച്ചു. മുഖ്യപ്രഭാഷണം നടത്തിയ രാജ്യസഭ എം.പി ഹാരിസ് ബീരാന് ഔദ്യോഗിക ഭാഷാ നിയമനിർമ്മാണ കമ്മിഷൻ പ്രസിദ്ധീകരിച്ച ഭരണഘടനയുടെ ദ്വിഭാഷാ പതിപ്പ് മുഖ്യമന്ത്രി സമ്മാനിച്ചു.

നിയമ സെക്രട്ടറി പി.എൻ. വിനോദ് അധ്യക്ഷനായ ചടങ്ങിൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സ്പെഷ്യൽ സെക്രട്ടറി ജി.എസ്. ആശ, അഡീഷണൽ നിയമ സെക്രട്ടറിമാരായ സുരേഷ്‌കുമാർ എസ്, പത്മ വി എന്നിവർ പങ്കെടുത്തു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags