ക്രിസ്മസ്–ന്യൂ ഇയർ ബംബർ: ഒന്നാം സമ്മാനം 25 കോടി | Keraladesham

November 18, 2026
web-logo
സർക്കാർ അറിയിപ്പുകൾ

ക്രിസ്മസ്–ന്യൂ ഇയർ ബംബർ: ഒന്നാം സമ്മാനം 25 കോടി, 26 പേർ കോടീശ്വരന്മാരാകും; വിൽപ്പന നവംബർ 28 മുതൽ

2 minutes read
Nov 9, 2026
news-image-1
Font Size:
18 px
Share :

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്–ന്യൂ ഇയർ ബംബർ 2026-27 (BR-113) ലോട്ടറിയിൽ ഇത്തവണ ഒന്നാം സമ്മാനം 25 കോടി രൂപ. 26 പേർ കോടീശ്വരന്മാരും 215 പേർ ലക്ഷാധിപതികളുമാകുന്ന നറുക്കെടുപ്പിൽ ആകെ 7,66,992 സമ്മാനങ്ങളാണുള്ളത്. ടിക്കറ്റ് വിൽപ്പന നവംബർ 28-ന് തുടങ്ങും; നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും.

കഴിഞ്ഞ വർഷം 20 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം 25 കോടിയായി ഉയർത്തി സർക്കാർ ഉത്തരവിറക്കി. സമ്മാനങ്ങളുടെ എണ്ണം കൂട്ടി സമ്മാനഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. ആകെ 124,01,16,000 രൂപയാണ് സമ്മാനത്തുകയായി വിതരണം ചെയ്യുക.

സമ്മാനഘടന

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 24 പേർക്കും നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതം 24 പേർക്കും ലഭിക്കും; ഈ മൂന്ന് സമ്മാനങ്ങളും ഓരോ സീരീസിലും രണ്ടെണ്ണം വീതമാണ്. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം 108 പേർക്ക്. 5,000 രൂപ വീതം 32,400 പേർക്കും 2,000 രൂപ വീതം 60,480 പേർക്കും 1,000 രൂപ വീതം 1,10,160 പേർക്കും 600 രൂപ വീതം 2,72,160 പേർക്കും 500 രൂപ വീതം 2,91,600 പേർക്കും ലഭിക്കും. ഒരു ലക്ഷം രൂപ വീതം 11 പേർക്ക് സമാശ്വാസ സമ്മാനവുമുണ്ട്.

ടിക്കറ്റ് വില 450 രൂപയാണ് (അടിസ്ഥാന വില 321.429 രൂപയും 40 ശതമാനം ജി.എസ്.ടി.യും ഉൾപ്പെടെ). CA, CB, CC, CD, CE, CF, CG, CH, CJ, CK, CL, CM എന്നീ 12 സീരീസുകളിലായി ഒരു കോടി എട്ട് ലക്ഷം ടിക്കറ്റുകൾ ഏജന്റുമാർക്ക് വിതരണം ചെയ്യാനാണ് തീരുമാനം. വിപണിയിലെ ആവശ്യകത അനുസരിച്ചാകും അച്ചടി.

ഓൺലൈൻ വിൽപ്പനയിൽ ജാഗ്രത

ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന നിയമവിരുദ്ധമാണെന്ന് ഭാഗ്യക്കുറി ഡയറക്ടർ കെ. ഇമ്പശേഖർ ഓർമിപ്പിച്ചു. ലൈസൻസുള്ള ഏജന്റുമാരിൽനിന്ന് അച്ചടിച്ച യഥാർഥ ടിക്കറ്റുകൾ മാത്രമേ വാങ്ങാവൂ. സോഷ്യൽ മീഡിയ വഴിയോ ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകൾ വഴിയോ ടിക്കറ്റ് വാങ്ങരുതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags