ആശുപത്രികളിലെ ചികിത്സാ പിഴവുകളും സുരക്ഷാ വീഴ്ചകളും തടയാൻ ആരോഗ്യപ്രവർത്തകർക്ക് ഭയമില്ലാതെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാനും പരിഹാരം നിർദേശിക്കാനും കഴിയുന്ന തൊഴിൽസംസ്കാരം വളർത്തിയെടുക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റും തിരുവനന്തപുരം മെഡിക്കൽ കോളേജും ചേർന്ന് സംഘടിപ്പിച്ച ‘സേഫ്‌കോൺ’ സമ്മേളനവും ‘സ്റ്റീരിയോസർജ്’ സംവിധാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രോഗീസുരക്ഷ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മാത്രം ചുമതലയല്ലെന്നും ആശുപത്രി ഭരണനേതൃത്വം മുതൽ എല്ലാ ജീവനക്കാർക്കും അതിൽ കൂട്ടുത്തരവാദിത്തമുണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു. മരുന്നുകളുടെ കൃത്യത, കാലാവധി കഴിഞ്ഞ മരുന്നുകളുടെ വിതരണം ഒഴിവാക്കൽ, ശസ്ത്രക്രിയാ സുരക്ഷ, അണുബാധ നിയന്ത്രണം, രോഗിവിവരങ്ങളുടെ കൃത്യമായ കൈമാറ്റം എന്നിവയിൽ പ്രത്യേക ജാഗ്രത വേണമെന്നും അദ്ദേഹം നിർദേശിച്ചു.
സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിക്കുന്നവരെ ശിക്ഷിക്കുന്നതിന് പകരം വീഴ്ചകളുടെ യഥാർഥ കാരണം കണ്ടെത്തി പരിഹരിക്കുന്ന സമീപനമാണ് വേണ്ടത്. ചികിത്സാപിഴവ് പരാതികളിൽ സ്വതന്ത്രവും വിദഗ്ധവുമായ അന്വേഷണത്തിലൂടെ വസ്തുതകൾ പരിശോധിച്ചശേഷമേ തീരുമാനമെടുക്കൂ; എന്നാൽ വീഴ്ച തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കൽ കോളേജുകൾക്ക് ഒരേ നിലവാരം
ആരോഗ്യമേഖലയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ ആശുപത്രികളിലെ സേവനനിലവാരം കുറയാൻ അനുവദിക്കില്ല. എല്ലാ മെഡിക്കൽ കോളേജുകളിലും ഒരേ നിലവാരത്തിലുള്ള ചികിത്സാസൗകര്യം ഉറപ്പാക്കുമെന്നും ആശുപത്രികളിൽ പഠനവും സ്വയംവിലയിരുത്തലും പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സി.ടി., എം.ആർ.ഐ. സ്കാൻ ചിത്രങ്ങൾ ത്രിമാനരൂപത്തിൽ ദൃശ്യവൽക്കരിക്കുന്ന ആധുനിക സാങ്കേതികവിദ്യയാണ് ‘സ്റ്റീരിയോസർജ്’. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ കൂടുതൽ കൃത്യതയോടെ ആസൂത്രണം ചെയ്യാൻ ഇത് സഹായിക്കും. ശ്രീചിത്രയിൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പായ ബറോൺ, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്, ഗവൺമെന്റ് എൻജിനീയറിങ് കോളേജ് എന്നിവയുടെ സഹകരണത്തോടെ വികസിപ്പിച്ച സംവിധാനത്തിന്റെ പ്രവർത്തനം ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ. അജയ് അലക്സ് വിശദീകരിച്ചു.
വി. മുരളീധരൻ എം.എൽ.എ അധ്യക്ഷനായി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി, ശ്രീചിത്ര മെഡിക്കൽ സൂപ്രണ്ട് ഡോ. ഈശ്വർ എച്ച്.വി., ജോയിന്റ് ഡയറക്ടർമാരായ ഡോ. മിനി എസ്.എസ്., ഡോ. പി.കെ. ജബ്ബാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജു രവീന്ദ്രൻ, വൈസ് പ്രിൻസിപ്പൽ ഡോ. ബിന്ദു പി., ആശുപത്രി സൂപ്രണ്ട് ഡോ. സി.ജി. ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala