ഭാവിയിലെ കോട്ടയം: ആസൂത്രണ ബോര്‍ഡിനു മുന്നില്‍ ആശയങ്ങളുടെ നിര | Keraladesham

November 11, 2026
web-logo
കേരളം

ഭാവിയിലെ കോട്ടയം: 15-ാം പഞ്ചവത്സര പദ്ധതിക്കായി ആസൂത്രണ ബോര്‍ഡിനു മുന്നില്‍ ആശയങ്ങളുടെ നിര

2 minutes read
Nov 10, 2026
news-image-1
Font Size:
18 px
Share :

കോട്ടയം ജില്ലയുടെ ഭാവി വികസനത്തിനായി നിരവധി ആശയങ്ങളും നിര്‍ദേശങ്ങളും സംസ്ഥാന ആസൂത്രണ ബോര്‍ഡിനു മുന്നിലെത്തി. പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ജില്ലയിലെ വിവിധ മേഖലകളുടെ പ്രതിനിധികളുമായി നടത്തിയ മുഖാമുഖത്തിലാണ് നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്.

കൃഷി, വിനോദസഞ്ചാരം, വിദ്യാഭ്യാസം, നഗരവികസനം, വയോജനക്ഷേമം, സംരംഭകത്വ വികസനം, ശാസ്ത്ര ഗവേഷണം, ആരോഗ്യം, സ്‌പോര്‍ട്‌സ്, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിലെ വികസന സാധ്യതകള്‍ പങ്കെടുത്തവര്‍ വിശദീകരിച്ചു.

പ്രധാന നിര്‍ദേശങ്ങള്‍

കാലോചിതമായ പരിഷ്‌കാരങ്ങളിലൂടെ പഠനം വിദ്യാര്‍ഥികള്‍ക്ക് അനുഭവവേദ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് അഭിപ്രായമുയര്‍ന്നു. ശാസ്ത്ര-സാങ്കേതിക, കാര്‍ഷിക മേഖലകളില്‍ ജില്ലയില്‍ നടക്കുന്ന ഗവേഷണ കണ്ടെത്തലുകള്‍ പ്രയോജനപ്പെടുത്തണമെന്നും മഴക്കാലത്തെ വെള്ളപ്പൊക്ക ഭീഷണി നേരിടാന്‍ മാലിന്യ നിര്‍മാര്‍ജനവും ജലാശയങ്ങളുടെ ആഴം കൂട്ടലും വേഗത്തിലാക്കണമെന്നും നിര്‍ദേശിക്കപ്പെട്ടു. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും കാര്‍ഷികോത്പന്നങ്ങളുടെ മൂല്യവര്‍ധനയ്ക്കും പദ്ധതികള്‍ വേണമെന്ന ആവശ്യവുമുണ്ടായി.

ടൂറിസം വികസനത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും, ഏറ്റെടുക്കാന്‍ ആളില്ലാത്ത രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തിലോ പൊതുമേഖലയിലോ അനാഥാലയങ്ങള്‍ ആരംഭിക്കണമെന്നും നിര്‍ദേശമുയര്‍ന്നു. റബര്‍ കൃഷിയുടെ വികസനത്തിനും കര്‍ഷക സംരക്ഷണത്തിനുമായി വിശദ പഠനത്തിനുള്ള സാധ്യത ആസൂത്രണ ബോര്‍ഡ് പരിശോധിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി. ആവശ്യപ്പെട്ടു.

പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത വികസനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍ പറഞ്ഞു.

അഡ്വ. എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ, എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഡി. മാവൂതു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ ജി. വിജയരാഘവന്‍, ശ്രീധര്‍ രാധാകൃഷ്ണന്‍, വരുണ്‍ സന്തോഷ്, ഡോ. പി.പി. ബാലന്‍, മുന്‍ മന്ത്രി കെ.സി. ജോസഫ്, റബര്‍ കേരള ലിമിറ്റഡ് എം.ഡി. ഷീല തോമസ്, സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ഫാ. ഏബ്രഹാം മുളമൂട്ടില്‍, കോട്ടയം പോര്‍ട്ട് എം.ഡി. ഏബ്രഹാം വര്‍ഗീസ്, രാഷ്ട്രദീപിക എം.ഡി. മൈക്കിള്‍ വെട്ടിക്കാട്ട്, മലയാള മനോരമ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ കെ. ടോണി ജോസ്, ഡോ. കെ.ജി. പത്മകുമാര്‍, പാലാ രൂപത സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോസഫ് വട്ടപ്പള്ളില്‍, പി.യു. തോമസ്, പ്ലാനിംഗ് ബോര്‍ഡ് ഇവാല്യൂവേഷന്‍ ഡിവിഷന്‍ മേധാവി ഡോ. എ.എസ്. സുനിത, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags