പത്തനംതിട്ടയിൽ സഹകരണ വാരാഘോഷത്തിന് തുടക്കം; 1.05 കോടി റിസ്ക് ഫണ്ട് സഹായം | Keraladesham

November 19, 2026
web-logo
കേരളം

പത്തനംതിട്ടയിൽ സഹകരണ വാരാഘോഷത്തിന് തുടക്കം; റിസ്ക് ഫണ്ട് വഴി 1.05 കോടി രൂപ വിതരണം ചെയ്തു

2 minutes read
Nov 18, 2026
news-image-1
Font Size:
18 px
Share :

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ അബിൻ വർക്കി എംഎൽഎ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ റിസ്ക് ഫണ്ട് പദ്ധതി പ്രകാരം 93 വായ്പകൾക്കായി 1,05,28,863 രൂപയുടെ ധനസഹായം ചടങ്ങിൽ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷയായി.

വായ്പ നൽകുന്ന കേന്ദ്രങ്ങൾ എന്ന നിലയിൽ നിന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന സ്ഥാപനങ്ങളായി സഹകരണ സ്ഥാപനങ്ങൾ വളർന്നുവെന്ന് അബിൻ വർക്കി എംഎൽഎ പറഞ്ഞു. കാർഷിക, ഗ്രാമീണ മേഖലകളിൽ സാധാരണക്കാർക്ക് വായ്പ ലഭ്യമാക്കി തുടങ്ങിയ പ്രസ്ഥാനം ഇന്ന് കാർഷികോൽപ്പന്നങ്ങളുടെ സംഭരണവും വിപണനവും, ഭവനനിർമാണം, ആരോഗ്യസുരക്ഷ തുടങ്ങിയ രംഗങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിസ്ക് ഫണ്ട് ധനസഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സി വി ശാന്തകുമാർ എംഎൽഎ നിർവഹിച്ചു. സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിലും കാർഷിക-വ്യാവസായിക മേഖലകളുടെ പുരോഗതിയിലും സഹകരണ സ്ഥാപനങ്ങളുടെ സംഭാവന വലുതാണെന്ന് അദ്ദേഹം പറഞ്ഞു. കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് സ്ഥാപനങ്ങൾ കൂടുതൽ ജനകീയവും കാര്യക്ഷമവുമാകണമെന്നും, നിക്ഷേപകർക്ക് സർക്കാർ ഗ്യാരണ്ടി പ്രഖ്യാപിച്ച നടപടി പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിജിറ്റൽ ബാങ്കിംഗ് വെല്ലുവിളികൾ ചർച്ചയായി

'ആധുനിക ഡിജിറ്റൽ ബാങ്കിംഗ് കേരളത്തിലെ സഹകരണ ബാങ്കുകൾക്ക് ഉയർത്തുന്ന വെല്ലുവിളികളും സഹകരണ സംഘങ്ങളുടെ വൈവിധ്യവൽക്കരണവും മുന്നേറ്റവും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കണ്ണൂർ ഐ.സി.എം. ഡയറക്ടർ ഡോ. എ കെ സക്കീർ ഹുസൈൻ പ്രബന്ധം അവതരിപ്പിച്ചു. സാങ്കേതികവിദ്യയുടെ കടന്നുവരവ്, സഹകരണ ബാങ്കുകൾ നേരിടുന്ന വെല്ലുവിളികൾ, സേവനങ്ങളുടെ ആധുനികവൽക്കരണം, സംഘങ്ങളുടെ പ്രവർത്തന വൈവിധ്യവൽക്കരണം തുടങ്ങിയവ ചർച്ചയായി.

വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്കും ജീവനക്കാർക്കും സമ്മാനങ്ങൾ നൽകി. കോഴഞ്ചേരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ രഘുനാഥ്, പത്തനംതിട്ട ജോയിന്റ് രജിസ്ട്രാർ (ജനറൽ) കെ സി വിജയകുമാർ, കേരള ബാങ്ക് സി.പി.സി. ഡെപ്യൂട്ടി ജനറൽ മാനേജർ പി എൻ രാജേഷ്, ജോയിന്റ് ഡയറക്ടർ (ഓഡിറ്റ്) വി കെ സുബിന, ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം) എ എസ് ആൻസി തുടങ്ങി വിവിധ സഹകരണ സംഘടനാ പ്രതിനിധികളും സഹകാരികളും പങ്കെടുത്തു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags