രോഗത്തിന്റെ അവസാനഘട്ടത്തിൽ മാത്രമല്ല, ദീർഘകാല രോഗങ്ങൾ കണ്ടെത്തുന്ന ഘട്ടം മുതൽ തന്നെ പാലിയേറ്റീവ് പരിചരണം ലഭ്യമാക്കുന്ന സംവിധാനം വികസിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി സത്യൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച രോഗീസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൃദയരാഗം പദ്ധതി മൂന്ന് മണ്ഡലങ്ങളിൽ
ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി രോഗനിർണയ പരിശോധനകൾ നടത്തുന്ന ഹൃദയരാഗം പദ്ധതി ഇടുക്കി, നിലമ്പൂർ, വട്ടിയൂർക്കാവ് നിയോജക മണ്ഡലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയാണ്. പദ്ധതി വിജയിച്ചാൽ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കും. പാലിയേറ്റീവ് പരിചരണത്തെയും ഇതുമായി ബന്ധിപ്പിക്കും. പരിചരണം ആവശ്യമുള്ള സംസ്ഥാനത്തെ മുഴുവൻ രോഗികളെയും കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
പാലിയേറ്റീവ് പരിചരണത്തിൽ രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണ് കേരളമെന്നും ഇതിനെ ജനകീയ ആരോഗ്യ പ്രവർത്തനമായി വളർത്താൻ കഴിഞ്ഞതാണ് വലിയ നേട്ടമെന്നും മന്ത്രി പറഞ്ഞു. ശാരീരിക വിഷമതകൾ കുറയ്ക്കുന്നതിനൊപ്പം രോഗികൾക്ക് മാനസിക, സാമൂഹിക പിന്തുണയും ഉറപ്പാക്കാൻ കഴിയുന്നുണ്ട്. പാലിയേറ്റീവ് പരിചരണം കാരുണ്യപ്രവർത്തനം മാത്രമല്ല, അവകാശാധിഷ്ഠിതവും ജനകീയവുമായ പ്രവർത്തനമാണ്. പ്രാഥമിക ആരോഗ്യസംവിധാനവുമായി ഇതിനെ കൂടുതൽ ശക്തമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവാക്കൾക്കായി സർട്ടിഫിക്കറ്റ് കോഴ്സ്
ചെറുപ്പക്കാർ കൂടുതലായി പാലിയേറ്റീവ് രംഗത്തേക്ക് എത്തുന്നത് സന്തോഷകരമാണെന്ന് മന്ത്രി പറഞ്ഞു. എസ്എസ്എൽസി പാസായവർക്കായി ആരോഗ്യസർവകലാശാലയിൽ പാലിയേറ്റീവ് പരിചരണത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഒരുക്കിയിട്ടുണ്ട്.
വാർഡ് കൗൺസലർ ഷേർളി എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ രോഗികളും പാലിയേറ്റീവ് പ്രവർത്തകരും പങ്കെടുത്തു. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. റീത്ത സന്നിഹിതയായിരുന്നു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala