രോഗവ്യാപനവും മരണങ്ങളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യവകുപ്പ് ആദ്യമായി പകർച്ചവ്യാധി കലണ്ടർ പുറത്തിറക്കി. സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ നടന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ കലണ്ടർ പ്രകാശനം ചെയ്തു. സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും കലണ്ടർ ലഭ്യമാക്കുമെന്നും ആരോഗ്യവകുപ്പ് വെബ്സൈറ്റിലും ഇത് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കലണ്ടറിൽ എന്തെല്ലാം
ഓരോ മാസവും കേരളത്തിൽ പ്രസക്തമായ രോഗങ്ങൾ, അവയുടെ ലക്ഷണങ്ങൾ, പകരുന്ന രീതി, വ്യക്തികളും സമൂഹവും സ്വീകരിക്കേണ്ട നടപടികൾ എന്നിവയാണ് കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളിൽ അവബോധം വളർത്തി രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുകയും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുന്ന ശീലം പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.
രോഗപ്രതിരോധവും ചികിത്സയും ഫലപ്രദമാകാൻ ആരോഗ്യവകുപ്പിനൊപ്പം മറ്റ് വകുപ്പുകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഈ ഏകോപനത്തിന് നേതൃത്വം നൽകുന്നതിന്റെ ഭാഗമായാണ് കലണ്ടർ. വിവിധ രോഗങ്ങളുടെ വ്യാപന പ്രവണതകളെക്കുറിച്ച് ശാസ്ത്രലോകത്തിന് വ്യക്തമായ ധാരണയുണ്ടെങ്കിലും ആ അറിവ് പൊതുജനങ്ങൾക്കിടയിൽ സാർവത്രികമല്ല. ഇത് സമൂഹത്തിന്റെ തയ്യാറെടുപ്പുകളും പ്രതിരോധ പ്രവർത്തനങ്ങളും പരാജയപ്പെടാൻ ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോഗ്യവകുപ്പ് നിയമിച്ച ഹൈപവർ ഉപദേശക സമിതിയുടെ മേൽനോട്ടത്തിൽ കേരളത്തിലെ ആരോഗ്യവിദഗ്ധരാണ് കലണ്ടർ തയ്യാറാക്കിയത്. നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കലണ്ടർ, പുതിയ ശാസ്ത്രീയ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് പുതുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ ആരോഗ്യവകുപ്പ് ഹൈപവർ കമ്മിറ്റി ചെയർപേഴ്സൺ എസ് എസ് ലാൽ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അവലംബം: PRD Live (Kerala Govt)