പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി കോട്ടയം ജില്ലയിൽ 79,612 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി. അഞ്ചു വയസിൽ താഴെയുള്ള 85,277 കുട്ടികൾക്ക് വാക്സിൻ നൽകാനായിരുന്നു ജില്ലയുടെ ലക്ഷ്യം. ഇതിൽ 93.95 ശതമാനം നേട്ടം കൈവരിക്കാനായി.
തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം ജനറൽ ആശുപത്രിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. ചടങ്ങിൽ അധ്യക്ഷനായി.
കോട്ടയം നഗരസഭ അധ്യക്ഷൻ എം. പി. സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി. കെ. വൈശാഖ്, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സാലി മാത്യു, നഗരസഭാംഗം ജോൺ വർഗീസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, റോട്ടറി ക്ലബ് പ്രതിനിധികളായ അനു കുര്യൻ, പി. പി. മാത്യു എന്നിവർ പങ്കെടുത്തു.
വിട്ടുപോയവർക്ക് വീടുകളിലെത്തി നൽകും
ആദ്യദിനം തുള്ളിമരുന്ന് സ്വീകരിക്കാൻ കഴിയാത്ത കുട്ടികൾക്ക് നവംബർ 23, 24 തീയതികളിൽ ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി മരുന്ന് നൽകും.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala