കോടിമത രണ്ടാം പാലം തുറന്നു; ജല അതോറിറ്റി പ്രശ്നങ്ങൾക്ക് പരിഹാരമെന്ന് മന്ത്രി | Keraladesha

November 13, 2026
web-logo
കേരളം

കോടിമത രണ്ടാം പാലം തുറന്നു; ജല അതോറിറ്റി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന് മന്ത്രി പി.കെ. ബഷീർ

2 minutes read
Nov 13, 2026
news-image-1
Font Size:
18 px
Share :

എം.സി. റോഡിൽ (ദേശീയപാത 183) നിർമാണം പൂർത്തിയായ കോടിമത രണ്ടാം പാലം പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ നാടിന് സമർപ്പിച്ചു. റോഡ് നിർമാണത്തിൽ ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ നവംബർ 20ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി അറിയിച്ചു.

പൊതുമരാമത്ത് പ്രവൃത്തികൾക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്ഥലം കിട്ടാത്തതിനാൽ പാലം പൂർത്തിയായിട്ടും അപ്രോച്ച് റോഡുകൾ തീർക്കാനാകാത്ത സ്ഥിതിയുണ്ട്. സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും സഹകരിക്കണമെന്നും കൂട്ടായ ഇടപെടൽ വേണമെന്നും അദ്ദേഹം പറഞ്ഞു.

350 പുതിയ പാലങ്ങൾ, 13000 കി.മീ. ബി.എം.ബി.സി

ഗ്രാമീണ റോഡുകൾ ഉൾപ്പെടെ എല്ലാ റോഡുകളും മികച്ച നിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ മുൻഗണനാക്രമം നിശ്ചയിച്ചാകും പ്രവൃത്തികൾ ഏറ്റെടുക്കുക. ആറുതവണ ടെൻഡർ ചെയ്തിട്ടും കരാറുകാർ ഏറ്റെടുക്കാത്ത പ്രവൃത്തികൾ പോലുമുണ്ടെന്നും ഇത്തരം തടസങ്ങൾ മറികടക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 350 പുതിയ പാലങ്ങൾ നിർമിക്കും. വകുപ്പിന് കീഴിലുള്ള റോഡുകളിൽ ശേഷിക്കുന്ന 13000 കിലോമീറ്റർ കൂടി ബി.എം.ബി.സി നിലവാരത്തിലാക്കും. ജംഗ്ഷൻ വികസനം, ബൈപ്പാസുകൾ, പാലങ്ങൾ തുടങ്ങി നിരവധി പദ്ധതികൾ പരിഗണനയിലുണ്ടെന്നും രൂപകൽപനയിലും എസ്റ്റിമേറ്റ് തയ്യാറാക്കലിലും പരിചയസമ്പന്നരായ എൻജിനീയർമാരുടെ വൈദഗ്ധ്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കഞ്ഞിക്കുഴി മേൽപ്പാലം വേണമെന്ന് സ്പീക്കർ

കോടിമത പുതിയ പാലത്തിന് സമീപം നടന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കഞ്ഞിക്കുഴി മേൽപ്പാലം യാഥാർഥ്യമാക്കണമെന്ന് അദ്ദേഹം പൊതുമരാമത്ത് മന്ത്രിയോട് അഭ്യർഥിച്ചു. നാട്ടകം ഭാഗത്തെ മറുകരയിൽ നാടമുറിച്ച ശേഷം വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് വിശിഷ്ടാതിഥികൾ സമ്മേളനപ്പന്തലിലെത്തിയത്.

അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, വൈസ് ചെയർപേഴ്സൺ ഷീബ പുന്നൻ, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി വർഗീസ്, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ സനൽ കാണക്കാലിൽ, എസ്. ഗോപൻ, കെ.കെ. പ്രസാദ്, സാലി മാത്യു, ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗങ്ങളായ ലീന ജയചന്ദ്രൻ, രഞ്ജിമോൻ, ടി.എൻ. ഹരികുമാർ, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം ദക്ഷിണമേഖല സൂപ്രണ്ടിംഗ് എൻജിനീയർ ഐ. റംലാബീവി, എക്സിക്യൂട്ടീവ് എൻജിനീയർ സി.ജി. റാണി വിജയലക്ഷ്മി, കോട്ടയം തഹസിൽദാർ സിറിൽ സഞ്ജു ജോർജ് തുടങ്ങിയവരും രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളും സംസാരിച്ചു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags