സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2027ന്റെ ഭാഗമായുള്ള കരട് വോട്ടര്‍പട്ടിക നവംബര്‍ 12ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് അറിയിച്ചു. അന്തിമ വോട്ടര്‍പട്ടിക 2027 ജനുവരി നാലിന് പുറത്തിറക്കും. കലക്ടറുടെ ചേംബറില്‍ വിളിച്ചുചേര്‍ത്ത ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് പ്രഖ്യാപനം.
അര്‍ഹരായ എല്ലാ പൗരന്മാരെയും ഉള്‍പ്പെടുത്തി, അനര്‍ഹരെ ഒഴിവാക്കി കുറ്റമറ്റ പട്ടിക തയ്യാറാക്കുകയാണ് ലക്ഷ്യം. 2027 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ് പുതുക്കല്‍. ഷെഡ്യൂള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കിയിട്ടുണ്ടെന്നും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാര്‍ട്ടികളുടെ പൂര്‍ണ സഹകരണം വേണമെന്നും കലക്ടര്‍ പറഞ്ഞു. എല്ലാ പോളിങ് സ്റ്റേഷനുകളിലും ബൂത്ത് ലെവല്‍ ഏജന്റുമാരുണ്ടെന്ന് പാര്‍ട്ടികള്‍ ഉറപ്പാക്കണം; നിയോഗിച്ചിട്ടില്ലെങ്കില്‍ ഉടന്‍ നിയമിക്കണം.
ആക്ഷേപങ്ങള്‍ ഡിസംബര്‍ 11 വരെ
പ്രസിദ്ധീകരണത്തിനു ശേഷം ബന്ധപ്പെട്ട ഇ.ആര്‍.ഒമാര്‍ കരട് പട്ടിക എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൈമാറും. കരട് പട്ടികയിലെ ആക്ഷേപങ്ങള്‍ നവംബര്‍ 12 മുതല്‍ ഡിസംബര്‍ 11 വരെ സമര്‍പ്പിക്കാം. ലഭിക്കുന്ന ആക്ഷേപങ്ങളുടെ വിവരങ്ങള്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ പാര്‍ട്ടികള്‍ക്ക് നല്‍കും. ഡിസംബര്‍ 28നകം ആക്ഷേപങ്ങള്‍ തീര്‍പ്പാക്കും. ഇ.ആര്‍.ഒമാരുടെ തീരുമാനത്തിനെതിരെ ഒന്നാം അപ്പീല്‍ ജില്ലാ കലക്ടര്‍ക്കും, അതിനെതിരെ രണ്ടാം അപ്പീല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും നല്‍കാം.
പേര് ചേര്‍ക്കാന്‍ ഹെല്‍പ് ഡെസ്‌കും കാമ്പസ് ഡ്രൈവും
പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവിന്റെ ഭാഗമായി ഒക്ടോബര്‍ 15ന് വില്ലേജ് ഓഫീസുകളില്‍ ആരംഭിച്ച ഡിജിറ്റല്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒക്ടോബര്‍ 31 വരെ പ്രവര്‍ത്തിക്കും. 2027 ജനുവരി ഒന്നിന് 18 വയസ്സ് തികയുന്ന ആര്‍ക്കും ഇവിടെ അപേക്ഷ നല്‍കാം. യുവവോട്ടര്‍മാരെ ലക്ഷ്യമിട്ട് കോളേജ്-ഹയര്‍ സെക്കന്‍ഡറി തലത്തില്‍ 'കാമ്പസ് ടു ബൂത്ത്' എന്റോള്‍മെന്റ് ഡ്രൈവ് നവംബര്‍ രണ്ട് മുതല്‍ ഏഴ് വരെ നടക്കും. 'സ്റ്റെപ് ഫോര്‍വേഡ്, ഗെറ്റ് കൗണ്ടട്' എന്നതാണ് ടാഗ് ലൈന്‍.
സബ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഫാത്തിമത് സുമയ്യ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജി ജയപ്രകാശ്, സിയാദ് ഷനൂര്‍, ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്, അഡ്വ. കൈപ്പുഴ വി രാം മോഹന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
അവലംബം: PRD Live (Kerala Govt)