മണ്ഡല മകരമഹോത്സവ കാലം തുടങ്ങിയശേഷം ശബരിമലയിൽ 14 തീർത്ഥാടകർ കുഴഞ്ഞുവീണ പശ്ചാത്തലത്തിൽ, അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള പരിശീലനവുമായി ആരോഗ്യവകുപ്പ്. സന്നിധാനത്തും പമ്പയിലും പരിശീലന ക്ലാസും ഡെമൊൺസ്ട്രേഷനും സംഘടിപ്പിച്ചു. പോലീസുകാർ, ദേവസ്വം ബോർഡ് ജീവനക്കാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
കുത്തനെ കയറ്റമുള്ള ശബരിമലയിൽ ഹൃദയാഘാതത്തിനും കുഴഞ്ഞുവീഴലിനും സാധ്യത കൂടുതലാണ്. ആശുപത്രിയിൽ എത്തിക്കുന്നതുവരെ ഹൃദയ-ശ്വാസകോശ പുനരുജ്ജീവനവും (സി.പി.ആർ) കൃത്രിമ ശ്വാസോച്ഛ്വാസവും നൽകി ജീവൻ രക്ഷിക്കുന്നതെങ്ങനെ എന്നതിലായിരുന്നു പരിശീലനം.
കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കനുസരിച്ച് ഓരോ സീസണിലും 230നും 250നും ഇടയിൽ ഹൃദയാഘാത സംഭവങ്ങൾ ശബരിമലയിൽ റിപ്പോർട്ട് ചെയ്യുന്നതായി ദേവസ്വം കോംപ്ലക്സിലെ കോൺഫറൻസ് ഹാളിൽ പരിശീലനം നയിച്ച ഇ.എം.സി മെഡിക്കൽ ഓഫീസർ ഡോ. സജിൻ കെ. രജി പറഞ്ഞു. കഴിഞ്ഞ സീസണിൽ തീർത്ഥാടകർ കുഴഞ്ഞുവീണ 65 കേസുകളുണ്ടായി. ദുർഘടമായ പ്രദേശത്ത് വൈദ്യസഹായം എത്തുംവരെ ജീവൻ നിലനിർത്താൻ സന്നിധാനത്ത് സേവനം ചെയ്യുന്ന എല്ലാ ജീവനക്കാരും സി.പി.ആർ പരിശീലനം നേടണമെന്നും അദ്ദേഹം പറഞ്ഞു.
സ്പെഷ്യൽ ഓഫീസർ ജി. ജയദേവ് പരിപാടി ഉദ്ഘാടനം ചെയ്തു. എ.എസ്.ഒ അച്യുത് അശോക്, ആരോഗ്യവകുപ്പ് ജില്ലാ നോഡൽ ഓഫീസർ ഡോ. കെ.കെ. ശ്യാം കുമാർ തുടങ്ങിയവർ സംസാരിച്ചു. പകർച്ചവ്യാധികൾ നേരിടൽ, പാമ്പോ മൃഗങ്ങളോ കടിച്ചാൽ ചെയ്യേണ്ടത്, ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാലും അപസ്മാരം വന്നാലും സ്വീകരിക്കേണ്ട നടപടികൾ എന്നിവയും ക്ലാസിൽ വിശദീകരിച്ചു.
സി.പി.ആർ നൽകേണ്ടത് ഇങ്ങനെ
കുഴഞ്ഞുവീണയാളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി ഇരുതോളിലും ശക്തമായി തട്ടിനോക്കുക. പ്രതികരണമില്ലെങ്കിൽ ഉടൻ ആംബുലൻസിനെയോ അടുത്തുള്ള ആശുപത്രിയെയോ വിളിക്കുക. സാധാരണ ശ്വാസോച്ഛ്വാസമുണ്ടോ എന്ന് നോക്കുകയും തൊണ്ടയിൽ വിരൽ വെച്ച് പൾസ് പരിശോധിക്കുകയും വേണം. പ്രതികരണവും സാധാരണ ശ്വാസവും ഇല്ലാത്തതാണ് സി.പി.ആർ തുടങ്ങാനുള്ള പ്രധാന ലക്ഷണം.
നെഞ്ചിന്റെ മധ്യഭാഗത്ത് കൈപ്പത്തിയുടെ അടിഭാഗം വെച്ച്, മറുകൈ മുകളിൽ വെച്ച് വിരലുകൾ കോർത്ത്, കൈമുട്ട് വളയ്ക്കാതെ മിനിറ്റിൽ 100 മുതൽ 120 തവണ എന്ന വേഗത്തിൽ 5 മുതൽ 6 സെന്റിമീറ്റർ ആഴത്തിൽ അമർത്തുക; ഓരോ തവണയും നെഞ്ച് പൂർണമായി ഉയരാൻ അനുവദിക്കണം. 30 തവണ അമർത്തിയ ശേഷം തല പിന്നിലേക്ക് ചെരിച്ച് താടി ഉയർത്തി, മൂക്ക് പൊത്തി രണ്ടുതവണ ഏകദേശം ഓരോ സെക്കന്റ് വീതം കൃത്രിമ ശ്വാസം നൽകുക. രോഗിക്ക് അനക്കമോ സാധാരണ ശ്വാസമോ തിരിച്ചുവരുംവരെ, മെഡിക്കൽ സംഘം എത്തുംവരെ സി.പി.ആർ തുടരണം; ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ഇത് തുടരണം. ഒപ്പം ആളുകളുണ്ടെങ്കിൽ ഏകദേശം ഓരോ രണ്ട് മിനിറ്റിലും മാറിമാറി അമർത്തുന്നത് ക്ഷീണം കുറയ്ക്കും.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala