മണ്ഡലമകരവിളക്ക് മഹോത്സവ കാലത്ത് ശബരിമലയിലെത്തുന്ന തീർത്ഥാടകരെ വരവേൽക്കുന്നത് വൃത്തിയും വെടിപ്പുമുള്ള സന്നിധാനം. മണ്ഡലകാലം തുടങ്ങുന്നതിന് ഒരു മാസം മുൻപ് നടത്തിയ ശുചീകരണ ഡ്രൈവും ശുചീകരണ തൊഴിലാളികളുടെയും മേൽനോട്ടക്കാരുടെയും എണ്ണം കൂട്ടിയതുമാണ് ഈ മാറ്റത്തിന് പിന്നിൽ.
സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിലായി 200 തൊഴിലാളികൾ ചേർന്ന് നടത്തിയ ഡ്രൈവിൽ ഒന്നേകാൽ ടൺ മാലിന്യമാണ് നീക്കം ചെയ്തത്. ശുചിമുറികൾ വൃത്തിയാക്കാൻ മാത്രം 150 തൊഴിലാളികളെ നിയോഗിച്ചു. ദേവസ്വം മരാമത്തിന് കീഴിൽ 25 സാനിറ്റേഷൻ സൂപ്പർവൈസർമാരെ നിയമിച്ച് ശുചീകരണം കാലതാമസമില്ലാതെ നടക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പി.എസ് ശാന്തകുമാർ പറഞ്ഞു.
യന്ത്രസഹായവും പ്രൊഫഷണൽ ഏജൻസിയും
താഴെ തിരുമുറ്റം വൃത്തിയാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ റൈഡ്-ഓൺ ഫ്ലോർ സ്ക്രബ്ബർ ബഗ്ഗി യന്ത്രം എത്തിച്ചു. ശുചിമുറി വൃത്തിയാക്കൽ സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചതോടെ യൂണിഫോം ധരിച്ച തൊഴിലാളികൾ വേഗത്തിലും കാര്യക്ഷമമായും ജോലി ചെയ്യുന്നു. വൃത്തിഹീനമായ അന്തരീക്ഷവും ദുർഗന്ധവും അപൂർവമായി. ദേവസ്വവും വിവിധ വകുപ്പുകളും തമ്മിലുള്ള മികച്ച ഏകോപനവും സഹായകമായി.
മാറ്റം തീർത്ഥാടകരും ശ്രദ്ധിക്കുന്നു. കാര്യമായ മാലിന്യം എവിടെയും കാണാനില്ലെന്നും ശുചിമുറികൾ അപ്പപ്പോൾ വൃത്തിയാക്കുന്നുണ്ടെന്നും 37 വർഷമായി മല ചവിട്ടുന്ന മാവേലിക്കര സ്വദേശി ജി. പീതാംബരൻ പറഞ്ഞു. വൃത്തിയിൽ മികച്ച മുന്നേറ്റമുണ്ടായത് ആഹ്ലാദകരമാണെന്ന് 9 വർഷമായി ശബരിമലയിലെത്തുന്ന തമിഴ്നാട് കരൂർ സ്വദേശി സഞ്ജയും അഭിപ്രായപ്പെട്ടു.
മണ്ഡലപൂജയ്ക്ക് ശേഷം അടുത്ത മാസം രണ്ട് ദിവസം നട അടയ്ക്കുന്ന വേളയിൽ വലിയ തോതിൽ ശുചീകരണത്തിന്റെ അടുത്ത ഘട്ടം നടത്താനാണ് ആലോചന.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala