തദ്ദേശ സ്വയംഭരണ വകുപ്പ് കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്ന 'സ്വസ്ഥം തദ്ദേശം' പദ്ധതിയുടെ ഭാഗമായി ബ്ലോക്ക്തല ഓഡിറ്റ് ക്ലിനിക്കുകൾ ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ തീർപ്പാകാതെ കിടക്കുന്ന ഓഡിറ്റ് തടസ്സങ്ങൾ പരിഹരിക്കാനുള്ള ക്ലിനിക്കുകൾ ഒക്ടോബർ 31-ന് സമാപിക്കും.
കോഴിക്കോട് ബ്ലോക്ക് ഓഫീസിൽ നടന്ന ക്ലിനിക്കിൽ കോഴിക്കോട്, ചേളന്നൂർ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകളും ഫറോക്ക്, രാമനാട്ടുകര നഗരസഭകളും പങ്കെടുത്തു. അവസാന മൂന്ന് വർഷത്തെ ഓഡിറ്റ് തടസ്സങ്ങളാണ് പ്രധാനമായും പരിശോധിച്ച് പരിഹാരം നിർദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും തടസ്സങ്ങളാണ് തീർപ്പാക്കുന്നത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറുപടി രേഖകളുമായാണ് ക്ലിനിക്കിലെത്തിയത്. രേഖകൾ പരിശോധിച്ച് ഓഡിറ്റ് തടസ്സങ്ങൾ ഒഴിവാക്കാനുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. വകുപ്പ് ഉദ്യോഗസ്ഥർ, വിരമിച്ച ഉദ്യോഗസ്ഥരായ 'ഓഡിറ്റ് മിത്രങ്ങൾ', സാങ്കേതിക വിദഗ്ധർ, ആർ.ജി.എസ്.എ ബ്ലോക്ക്തല കോർഡിനേറ്റർമാർ എന്നിവരാണ് ക്ലിനിക്കുകൾക്ക് നേതൃത്വം നൽകുന്നത്.
വരും ദിവസങ്ങളിൽ കൊടുവള്ളി, മേലടി, വടകര ബ്ലോക്കുകളിലും ഓഡിറ്റ് ക്ലിനിക്കുകൾ നടക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ എൻ.കെ. ഹരീഷ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ അനിൽകുമാർ നൊച്ചിയിൽ, ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് ഡയറക്ടർ കെ. റഹിം, ഐ.വി.ഒമാരായ മുഹ്സിൻ, ശ്രീജിത്ത്, സീനിയർ സൂപ്രണ്ടുമാരായ ഗിരീഷ് കുമാർ, മനോജ്, ഓഡിറ്റ് മിത്രങ്ങളായ സതീഷ് കുമാർ, വാസുദേവൻ, വിനോദ് കുമാർ, ശ്രീകുമാർ, ജയശീലൻ, ബ്ലോക്ക് സെക്രട്ടറി ബ്രിജേഷ് എന്നിവർ നേതൃത്വം നൽകി.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala