സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയില്‍ സമീപകാലത്ത് ഉണ്ടായ ന്യൂനതകള്‍ പരിഹരിക്കാന്‍ ശ്രമമുണ്ടാകണമെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കോട്ടയം തിരുനക്കര മൈതാനത്ത് സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സാധാരണക്കാരുടെ ജീവിതത്തിന് കൈത്താങ്ങാണ് സഹകരണ പ്രസ്ഥാനമെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഈ രംഗത്ത് കാലോചിതമായ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കൂട്ടായ പരിശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷനായ ചടങ്ങില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി.
എംഎല്‍എമാരായ നാട്ടകം സുരേഷ്, വിനു ജോബ് കുഴിമണ്ണില്‍, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അഡ്വ. ഫില്‍സണ്‍ മാത്യൂസ്, സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന്മാരായ ജോണ്സണ് പുളിക്കീല്‍, അഡ്വ. പി. സതീശ് ചന്ദ്രന് നായര്‍, ടി.സി. വിനോദ്, കോട്ടയം കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാര്‍, ജോയിന്റ് രജിസ്ട്രാര്‍ എസ്. നസീര്‍, ഓഡിറ്റ് വിഭാഗം ജോയിന്റ് ഡയറക്ടര്‍ ജയമ്മ പോള്‍, കേരള ബാങ്ക് ജോയിന്റ് ഡയറക്ടര്‍ എം.പി. അനില്‍കുമാര്‍ തുടങ്ങിയവരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
വര്‍ണാഭമായ ഘോഷയാത്ര
നാഗമ്പടം മൈതാനത്തുനിന്ന് ആരംഭിച്ച വര്‍ണാഭമായ ഘോഷയാത്രയോടെയാണ് സമാപന പരിപാടികള്‍ക്ക് തുടക്കമായത്. നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരന്ന ഘോഷയാത്ര തിരുനക്കര മൈതാനത്ത് സമാപിച്ചു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala