സംസ്ഥാനത്തെ നിലവിലുള്ള കായിക നിയമങ്ങൾ പൊളിച്ചെഴുതി കായികതാരങ്ങളെ കേന്ദ്രീകരിക്കുന്ന പുതിയ ‘അത്‌ലറ്റ് സെൻട്രിക്’ സ്‌പോർട്‌സ് ബിൽ കൊണ്ടുവരുമെന്ന് കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് അറിയിച്ചു. 2019-20 വർഷത്തിൽ ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മെഡൽ നേടിയവർക്കുള്ള കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ ക്യാഷ് അവാർഡ് വിതരണവും അനുമോദന ചടങ്ങും സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌പോർട്‌സ് കൗൺസിലും സ്‌പോർട്‌സ് ഡയറക്ടറേറ്റും വെവ്വേറെ പ്രവർത്തിക്കുമ്പോഴുള്ള ഏകോപന പോരായ്മകൾ പരിഹരിച്ച് കായികരംഗം കൂടുതൽ പ്രൊഫഷണലാക്കുകയാണ് ലക്ഷ്യം. ബിൽ അവതരിപ്പിച്ച് പാസാക്കാൻ നവംബർ 30നോ ഡിസംബർ ആദ്യ വാരത്തിലോ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത് ആലോചനയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പാരാ താരങ്ങൾക്കും തുല്യ പരിഗണന
പാരലിമ്പിക്സിൽ ഉൾപ്പെടെ പങ്കെടുക്കുന്ന കായികതാരങ്ങളെ ജനറൽ വിഭാഗത്തിനൊപ്പം തുല്യമായി പരിഗണിച്ച് സാമ്പത്തിക പാരിതോഷികങ്ങൾ നൽകും. പരിശീലന തുകയും യാത്രാ സഹായവും വർധിപ്പിക്കാനുള്ള പുതിയ പ്രൊപ്പോസലുകൾ തയ്യാറാക്കിവരികയാണ്. ഏഴ് വർഷത്തോളമായി കുടിശ്ശികയായിരുന്ന പാരിതോഷികങ്ങളാണ് ഇപ്പോൾ കൊടുത്തുതീർക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മെഡൽ ജേതാക്കളെ ആദരിച്ച് മന്ത്രി ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. പാരാഅത്‌ലറ്റിക്‌സ് താരം മുഹമ്മദ് ബാസിൽ, പാരാബാഡ്മിന്റൻ താരം ആൽഫിയ ജെയിംസ്, ചെസ് താരം കല്യാണി സിരിൻ എന്നിവർ പ്രത്യേക ആദരം ഏറ്റുവാങ്ങി.
വോളിബോളിലും ഫുട്‌ബോളിലും ഒരുകാലത്ത് മികച്ച ടീമുകളുണ്ടായിരുന്ന കെഎസ്ആർടിസിയിൽ സ്‌പോർട്‌സ് ടീമുകൾ പുനഃസംഘടിപ്പിച്ച് പഴയ പ്രതാപം വീണ്ടെടുക്കുമെന്ന് അധ്യക്ഷനായ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പറഞ്ഞു.
വാർഡ് കൗൺസിലർ ആർ. ഹരികുമാർ, കായിക യുവജനകാര്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അഖിൽ വി. മേനോൻ, അഡീഷണൽ ഡയറക്ടർ ഡോ. സി.എസ്. പ്രദീപ്, അസിസ്റ്റന്റ് സെക്രട്ടറി ബിന്ദുമോൾ തോമസ്, ടെക്‌നിക്കൽ ഓഫീസർ ഡോ. സി.വി. ബിജിലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala