സംസ്ഥാനത്ത് ഞായറാഴ്ച 11 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇടുക്കി ജില്ലയിൽ നിന്നുമുള്ള ആറു പേർക്കും കോട്ടയം ജില്ലയിൽ നിന്നുള്ള അഞ്ച് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരിൽ ഒരാൾ വിദേശത്തുനിന്നും (സ്‌പെയിൻ) രണ്ട് പേർ തമിഴ്‌നാട്ടിൽ നിന്നും വന്നതാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാൾ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാൾ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. നാലു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതിൽ രണ്ട് പേർ ആരോഗ്യ പ്രവർത്തകരാണ്.
സംസ്ഥാനത്ത് നാലു പേരാണ് ഞായറാഴ്ച രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 342 പേരാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,127 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 19,665 പേർ വീടുകളിലും 462 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 99 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 22,954 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 21,997 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
പുതുതായി മൂന്ന് ഹോട്ട് സ്‌പോട്ടുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂർ, ശാസ്താംകോട്ട, കോട്ടയം ജില്ലയിലെ മണർക്കാട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 87 ആയി.
Get real time update about this post categories directly on your device, subscribe now.